ഇന്ത്യയിലെ ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെയുള്ള ശാസ്ത്ര സമൂഹത്തിന്റെ കണ്ടെത്തലുകളും ഫലങ്ങളും സാധാരണക്കാരിലേക്കെത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക് സംവിധാനമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. മത്‌സ്യത്തൊഴിലാളികള്‍ക്കും ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച നാവിക് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കടലില്‍ പോകുന്ന മത്‌സ്യത്തൊഴിലാളികള്‍ക്ക് അപായ സൂചനയുള്‍പ്പെടെ നല്‍കുന്നതിന് ബോട്ടില്‍ ഘടിപ്പിക്കുന്നതിന് അഞ്ഞൂറ് നാവിക് ഉപകരണങ്ങള്‍ ഫെബ്രുവരി പത്തോടെ ഐ. എസ്. ആര്‍. ഒ ലഭ്യമാക്കും. ഇതിനു പുറമെ ആയിരം ഉപകരണങ്ങള്‍ കൂടി ഫെബ്രുവരിയില്‍ തന്നെ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരളത്തിനാവശ്യമായ നാവിക് ഉപകരണങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ ഉത്പാദിപ്പിക്കും. ഇതുസംബന്ധിച്ച് ആറിന് വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. നാവിക് സംവിധാനം ഉപയോഗിക്കുന്നതിന് പ്രാദേശികതല പരിശീലനം ഉടന്‍ നടത്തും.
നാവിക് സംവിധാനം ഘടിപ്പിച്ച ബോട്ടുകളുടെ പരീക്ഷണ യാത്ര വിജയകരമായിരുന്നു. അറുപതു മുതല്‍ 97 നോട്ടിക്കല്‍ മൈല്‍ വരെ നാവിക് ഘടിപ്പിച്ച ബോട്ടുകള്‍ യാത്ര നടത്തിയിരുന്നു. ഐ.എസ്.ആര്‍.ഒ യുടെ ജിസാറ്റ് 6 എ അടുത്തമാസം വിക്ഷേപിക്കുന്നത് കൂടുതല്‍ പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തില്‍ നാവിക്കില്‍ നിന്ന് മത്‌സ്യത്തൊഴിലാളികള്‍ക്ക് കരയിലേക്ക് സന്ദേശം അയയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രിയുടെ ശാസത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തന്‍ പറഞ്ഞു. നാവിക്കില്‍ ബീക്കണ്‍ സംവിധാനം ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, ഐ.എസ്.ആര്‍.ഒ, ഇന്‍കോയിസ്, മാപ്‌മൈ ഇന്ത്യ, എന്‍.ഐ.സി, കെല്‍ട്രോണ്‍ പ്രതിനിധികളും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു