പോഷകക്കുറവ് പരിഹരിക്കാനുള്ള നടപടികൾ വനിതകളെയും കുട്ടികളെയും മുൻനിർത്തിയാകണം -ഗവർണർ
പോഷകക്കുറവ് പരിഹരിക്കാനുള്ള നടപടികൾ വനിതകളെയും കുട്ടികളെയും മുൻനിർത്തിയായാൽ മികച്ച ആരോഗ്യവും പോഷണവുമുള്ള തലമുറയെ വാർത്തെടുക്കാനാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.
ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ കേരളത്തെ ഇന്ത്യയുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ഏറ്റവും വികസിത സമൂഹങ്ങൾക്ക് തുല്യമായ നിലയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ പോഷണ സമ്മേളനം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശപ്പും എല്ലാത്തരം പോഷകക്കുറവും അവസാനിപ്പിക്കുക എന്നതാണ് പ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്ന്. ഏഴു പതിറ്റാണ്ടിനിടയിൽ ഇന്ത്യയുടെ പോഷകാഹാര സൂചകങ്ങൾ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഉയർന്ന പോഷകാഹാരക്കുറവ് നിരക്ക് തുടരുന്നു. ഇത് കുട്ടികളുടെ ആരോഗ്യം, വളർച്ച എന്നിവയെ കാര്യമായി ബാധിക്കുന്നുണ്ട്.
പോഷൺ അഭിയാന്റെ ഭാഗമായുള്ള പദ്ധതികൾ കൗമാരക്കാരായ പെൺകുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ, ആറുവയസിൽ താഴെയുള്ള കുട്ടികൾ തുടങ്ങിയവർക്ക് ഉപകാരപ്രദമാണ്. വനിതകൾക്കും കുട്ടികൾക്കും സൂക്ഷ്മ പോഷകാംശങ്ങൾ ഏറെ ആവശ്യമുള്ളതാണെന്ന ബോധ്യത്തോടെയാകണം എല്ലാ പോഷകാഹാര പദ്ധതികളും.
ഗർഭാവസ്ഥയിൽ ആവശ്യമായ പോഷകാഹാരങ്ങൾ ലഭ്യമാക്കുന്നത് കുഞ്ഞിന്റെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കും. ആരോഗ്യമുള്ള വനിത ശാക്തീകരിക്കപ്പെട്ടവളാണ്. അവരിൽ നിന്നാണ് ആരോഗ്യമുള്ള കുടുംബവും പുതിയ തലമുറയും സമൂഹവും വളരേണ്ടത്.
വ്യത്യസ്ത ധാന്യങ്ങൾ, മാംസം, പച്ചക്കറികൾ എന്നിവയാൽ സമ്പന്നമായ വൈവിധ്യമാർന്ന ഭക്ഷണത്തിലൂടെ സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കാനാകും. എന്നാൽ വൈവിധ്യമാർന്ന ഭക്ഷണക്രമം എല്ലാവർക്കും താങ്ങാനാവില്ല. അതിനാൽ ശരിയായ സൂക്ഷ്മ പോഷകങ്ങൾ ഉപയോഗിച്ച് ആളുകളുടെ ഭക്ഷണത്തെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
നമ്മുടെ പാരമ്പര്യപ്രകാരം വനിതകളെ ശക്തി കുറഞ്ഞവരായല്ല കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യത്തിൽ നാം പ്രത്യേക ശ്രദ്ധ പുലർത്തണം.
കേരളത്തിൽ വിദ്യാഭ്യാസരംഗത്തെ പുരോഗതിയിലും ശിശുമരണനിരക്ക് കുറവുള്ളതിലും മാതൃമരണനിരക്ക് കുറവുള്ളതിലും എല്ലാത്തിലും വനിതകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിൽ പുലർത്തുന്ന ശ്രദ്ധയുടെ ഫലം കൂടിയാണ്.
കേരളത്തിൽ ആരോഗ്യ, വനിതാവികസന മേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. കേരളം ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സമ്പൂർണ തളിക പോലുള്ള പദ്ധതികൾ പോഷകമൂല്യമുള്ളതും വിഷരഹിതവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ്. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച മന്ത്രിമാരിൽ ഒരാളാണ് ഇതിന് നേതൃത്വം നൽകുന്ന കെ.കെ. ശൈലജ ടീച്ചറെന്ന് ഗവർണർ അഭിനന്ദിച്ചു.
തന്റെ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമതയോടെയും അർപ്പണമനോഭാവത്തോടുമാണ് അവർ നിർവഹിക്കുന്നത്. ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആരോഗ്യ-വനിതാ,ശിശു വികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.
അങ്കണവാടികളിൽ ഉൾപ്പെടെ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്താൻ രുചികരമായ രീതിയിൽ പോഷകാംശമുള്ള ഭക്ഷണങ്ങൾ രുചികരമായ രീതിയിൽ നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിഷരഹിതമായ ഭക്ഷണത്തിനായി കൃഷി വകുപ്പുമായി ചേർന്ന് ജൈവ പച്ചക്കറി പ്രോത്സാഹിപ്പിച്ച് വരികയാണ്. കേരളം തയ്യാറാക്കിയ കർമ്മ പദ്ധതിയ്ക്ക് ദേശീയ ബഹുമതിയും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ വനിതാ-ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ ടി.വി അനുപമ, ജോയിൻറ് ഡയറക്ടർ സി. സുന്ദരി എന്നിവരും സംബന്ധിച്ചു.
‘സൂക്ഷ്മ പോഷണക്കുറവ് – വെല്ലുവിളികളും മുന്നോട്ടുള്ള പ്രയാണവും’ (ഒശററലി ഔിഴലൃ ഇവമഹഹലിഴല െമിറ ണമ്യ എീൃംമൃറ) എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന ന്യൂട്രീഷ്യൻ പോളിസി പുനരവലോകനം ചെയ്ത് കേരളത്തിനനുയോജ്യമായ പുതിയ കർമ്മ പദ്ധതി തയ്യാറാക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. ദേശീയസംസ്ഥാന തലത്തിലെ പ്രഗത്ഭർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സൂക്ഷ്മ പോഷണക്കുറവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.