ആലപ്പുഴ: തഴക്കര ഗ്രാമപഞ്ചായത്തിലെ കണ്ണാട്ടുമോടി കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായുള്ള പൈപ്പ് പൊട്ടല്‍ ഒഴിവാക്കാന്‍ പ്രഷര്‍ വാല്‍വ് ഘടിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മോട്ടറില്‍ നിന്ന് പോകുന്ന വെള്ളത്തിന്റെ മര്‍ദ്ദം 2 കിലോയില്‍ അധികമായാല്‍ പൈപ്പ് പൊട്ടാനുള്ള സാധ്യത കൂടുതലാണ്. പ്രഷര്‍ വാല്‍വ് ഘടിപ്പിച്ച വെള്ളത്തിന്റെ മര്‍ദ്ദം 2 കിലോയില്‍ താഴെയാക്കിയാല്‍ പൈപ്പ് പൊട്ടല്‍ അവസാനിപ്പിക്കാന്‍ സാധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍ രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം എല്‍ എ യുടെ മണ്ഡല വികസന ഫണ്ടില്‍ നിന്നും 29 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിലൂടെ വിവിധ വാര്‍ഡുകളിലെ 2000ത്തോളം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം ലഭ്യമാകുന്നത്. തഴക്കര പഞ്ചായത്തിലെ 4 ചെറുകിട കുടിവെള്ള പദ്ധതികളിലെ 2 പദ്ധതികള്‍ യാഥാര്‍ഥ്യമായതോടുകൂടി പ്രദേശവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചതായി എം എല്‍ എ പറഞ്ഞു. ഇലവങ്കര കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും കന്നിമേല്‍ കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും ഉപയോഗിച്ച പണികള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘു പ്രസാദ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ്,വൈസ് പ്രസിഡന്റ് എസ് അനിരുദ്ധന്‍, കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. വി സുനില്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എഞ്ചിനീയര്‍ വി കെ പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.