തഴക്കര : പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. തഴക്കര ഗ്രാമ പഞ്ചായത്തിലെ വെട്ടിയാര്‍- താന്നിക്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 86 ലക്ഷം കുടുംബങ്ങളാണ് ഉള്ളത് അതില്‍ 22 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് മാത്രമാണ് കുടിവെള്ള പൈപ്പുകള്‍ വീടുകളില്‍ ലഭ്യമുള്ളത്. ബാക്കിയുള്ള കുടുംബങ്ങളിലേക്കും കണക്ഷന്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക മേഖലയില്‍ ജല ദൗര്‍ലഭ്യത മൂലമുള്ള പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിനായി മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി നമ്മുടെ നാട്ടിലും പ്രയോഗികമാക്കാവുന്നതാണ്. കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയിലൂടെ കുറഞ്ഞ ജലം ഉപയോഗിച്ച് കൂടുതല്‍ കൃഷി ചെയ്ത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ രൂപവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

മാവേലിക്കര എം എല്‍ എ ആര്‍ രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇതിലൂടെ വിവിധ വാര്‍ഡുകളിലെ 2000ത്തോളം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം ലഭ്യമാകുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘു പ്രസാദ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ്,വൈസ് പ്രസിഡന്റ് എസ് അനിരുദ്ധന്‍, കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. വി സുനില്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എഞ്ചിനീയര്‍ വി കെ പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.