അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി ജനുവരി 31 വരെ 5403 റേഷൻ കാർഡുകളിൽ നിന്നായി 1.49 കോടി രൂപ പിഴയിനത്തിൽ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുൻഗണനാ കമ്പോളവില ഇനത്തിൽ തുക ഈടാക്കിയത്.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം സംസ്ഥാനത്തിന് മുൻഗണനാ പട്ടികയിലുൾപ്പെടുത്താവുന്നവരുടെ പരിധി നിശ്ചിയിച്ചിരിക്കുന്നത് 1,54,80,040 ആണ്. ഇതു പ്രകാരം തയ്യാറാക്കിയ അന്തിമപട്ടികയിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കുന്നതിനുളള ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

സ്വമേധയാ സറണ്ടർ ചെയ്തതിനു പുറമെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതുമായ റേഷൻ കാർഡുകൾ വകുപ്പുതല അന്വേഷണത്തിലൂടെ പൊതു വിഭാഗത്തിലേയ്ക്ക് മാറ്റി. വിവിധ വകുപ്പുകളിൽ നിന്നും ലഭ്യമായ ഡാറ്റാ മാപ്പിംഗ് നടത്തി അനർഹ കുടുബങ്ങളെ കണ്ടെത്തി പൊതു വിഭാഗത്തിലേക്ക് മാറ്റി വരുന്നുണ്ട്.

 

നാളിതുവരെ 4.68 ലക്ഷം കുടുംബങ്ങളെ മേൽപ്പറഞ്ഞ രീതിയിൽ ഒഴിവാക്കുകയും ഇത്രയും കുടുബങ്ങളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. (ഏകദേശം 23.42 ലക്ഷം അംഗങ്ങൾ).
തുടർച്ചയായി മൂന്നു മാസക്കാലം റേഷൻ വാങ്ങാത്ത എ.എ.വൈ/പി.എച്ച്.എച്ച് വിഭാഗങ്ങളിൽ ഉൾപ്പെട്ട കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കി പകരം അദാലത്തുകൾ നടത്തി കണ്ടെത്തിയിട്ടുളള അർഹരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിച്ചുവരുന്നു.

ഒഴിവാക്കപ്പെടുന്ന കുടുംബങ്ങളിൽ അർഹരായിട്ടുളളവർ ഉണ്ടെങ്കിൽ ജില്ലാ സപ്ലൈ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം. അന്വേഷണങ്ങൾ നടത്തി നിലവിലെ മാനദണ്ഡ പ്രകാരം അർഹതയുണ്ടെന്ന് കണ്ടെത്തിയാൽ മുൻഗണനാ പട്ടികയിലേക്കുളള സാദ്ധ്യതാ പട്ടികയിൽ അർഹമായ സ്ഥാനം നൽകി ഉൾപ്പെടുത്തും.