* മന്ത്രി ഇ.പി ജയരാജൻ  ഉദ്ഘാടനം ചെയ്തു

കെൽട്രോൺ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കരകുളം കെൽട്രോൺ കോംപ്ലക്സിൽ എസ്.എം.റ്റി ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെൽട്രോണിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിന് തീവ്രശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഐ.എസ്.ആർ.ഒയും പ്രതിരോധമേഖലയും ഉൾപ്പെടെ ഉന്നത സ്ഥാപനങ്ങൾക്കാണ് കെൽട്രോൺ ഉപകരണങ്ങൾ നിർമ്മിച്ചുനൽകുന്നത്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് കെൽട്രോണിന്റെ വളർച്ചയെ തളർത്താനാണെന്നും മന്ത്രി പറഞ്ഞു.

നിലവിൽ മൂന്ന് ദിവസമെടുക്കുന്ന പ്രിന്റർ സർക്യൂട്ട് ബോർഡ് നിർമ്മാണം എസ്.എം.റ്റി റീഫ്ളോ ഫെസിലിറ്റി സെന്ററിൽ രണ്ട് മണിക്കൂറായി ചുരുങ്ങും. ബഹിരാകാശ ഉപഗ്രഹങ്ങളിലും പി.എസ്.എൽ.വി, ജി.എസ്.എൽ.വി തുടങ്ങിയ റോക്കറ്റുകളിലും ഉപയോഗിക്കുന്ന ബോർഡുകളാണ് സെന്ററിൽ ആദ്യം നിർമ്മിക്കുക.

ഐ.എസ്.ആർ.ഒയുടെ അക്രഡിറ്റേഷൻ പൂർത്തിയാകുന്നതോടെ ബോർഡുകളുടെ ഉത്പാദനം തുടങ്ങും. സ്‌റ്റെൻസിൽ പ്രിന്റർ, പിക്ക് ആന്റ് പ്ലേസ് മെഷീൻ, റീഫ്ളോ ഒവൻ എന്നിവയടങ്ങുന്നതാണ് റീഫ്ളോ ഫെസിലിറ്റി സെന്റർ. നാല് കോടി രൂപയാണ് സെന്ററിന്റെ നിർമ്മാണ ചെലവ്.

നിലവിൽ ഐ.എസ്.ആർ.ഒയുടെ 18.5 കോടിയുടെ വിവിധ ഓർഡറുകളാണ് കെൽട്രോണിന് ലഭിച്ചത്. ചടങ്ങിൽ കെൽട്രോൺ ചെയർമാൻ എൻ. നാരായണ മൂർത്തി, എം.ഡി. ഹേമലത, ഐ.എസ്.ആർ.ഒയുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.