സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കു തുടക്കമായി

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും ഒറ്റപ്പെട്ട വനമേഖലകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കു ജില്ലയില്‍ തുടക്കം. കാട്ടാക്കട മണ്ണാംകോണത്ത് നടന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയതു. ആദിവാസി മേഖലകളില്‍ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് സംബന്ധമായ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ പരിഹരിക്കും. സഞ്ചരിക്കുന്ന റേഷന്‍ കടയോടൊപ്പം കോട്ടൂര്‍ പൊടിയത്ത് റേഷന്‍കട ആരഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. അര്‍ഹതയുള്ള എല്ലാപേരും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങണമെന്നും കോട്ടൂര്‍ മണ്ണാംകോണം റോഡ് നവീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 20 കിലോമീറ്ററോളം യാത്രചെയ്താണ് പ്രദേശത്തുള്ളവര്‍ റേഷന്‍ വാങ്ങിയിരുന്നത്. സഞ്ചരിക്കുന്ന റേഷന്‍കട യാഥാര്‍ത്ഥ്യമായതോടെ റേഷന്‍ ഇനി നേരിട്ടെത്തും. കെ.എസ് ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിതകുമാരി, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ് റാണി എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ആദ്യഘട്ട റേഷന്‍ വിതരണവും ഊരുമൂപ്പന്‍മാരെ ആദരിക്കലും നടന്നു.