തിരുവനന്തപുരം: വര്‍ഷങ്ങളായി വൃദ്ധസദനത്തില്‍ കഴിഞ്ഞിരുന്ന വാമനപുരം പഞ്ചായത്തിലെ തങ്കമ്മയ്ക്ക് ഇനി സ്വന്തം വീട്ടില്‍ താമസിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി സ്വന്തമായി വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് തങ്കമ്മയും മകന്‍ മുരുകനും.

സ്വന്തമായൊരു കിടപ്പാടമില്ലാത്തതിനാല്‍ മകനൊപ്പം താമസിക്കാന്‍ കഴിയാതെ വര്‍ഷങ്ങളായി വയോജനമന്ദിരത്തില്‍ താമസിച്ചിരുന്ന തങ്കമ്മയ്ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം പകര്‍ന്നത്  സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയാണ്. ലൈഫിലൂടെ വീട് നിര്‍മ്മിക്കാനുള്ള അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കുകയും തല്‍ഫലമായി പഞ്ചായത്തില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിച്ചു കിട്ടുകയും ചെയ്തു. ഈ തുകയുപയോഗിച്ച് നിര്‍മിച്ച സുരക്ഷിതഭവനത്തില്‍ മകനോടൊപ്പം ആശ്വാസത്തോടെയും സന്തോഷത്തോടെയും കഴിയുകയാണ് തങ്കമ്മ.