തിരുവനന്തപുരം: ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ സുരക്ഷിതമായി ഉറങ്ങാമെന്ന ആശ്വാസത്തിലാണ് ഇന്ന് ഗിരിജ. കേരള സര്‍ക്കരിന്റെ ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് ഇവര്‍ക്ക് ശരിക്കും സ്വര്‍ഗ്ഗം തന്നെയാണ്. ലൈഫ് എന്ന വാക്കിനെ എല്ലാത്തരത്തിലും അര്‍ത്ഥവത്താക്കുന്ന സ്വപ്ന പദ്ധതിയുടെ രണ്ടുലക്ഷം ഗുണഭോക്താക്കളില്‍ ഒരാളായി ഗിരിജയുമുണ്ട്. ശക്തിയായി കാറ്റുവീശിയാല്‍ പറന്നുപോകുന്ന ഓലക്കുടിലിലായിരുന്നു 59 വയസ്സായ ഗിരിജയുടെ താമസം. മഴയെത്തും കാറ്റത്തുമെല്ലാം ഭീതിയോടെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മാത്രമല്ല സ്ഥനാര്‍ബുദം കൂടി പിടിപെട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഈ അമ്മയുടെ ജീവിതം താളെ തെറ്റി. വീട്ടുജോലി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്ന ശിരിജയുടെ വരുമാന മാര്‍ഗ്ഗം രോഗം അലട്ടാന്‍ തുടങ്ങിയതോടെ നിന്നു.

മകന്‍ ബിജു നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായിട്ട് കാലങ്ങളായി. ബിജുവിന്റെ ഭാര്യ രശ്മി വീട്ടുജോലിയ്ക്ക് പോയി കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കെയാണ് ലൈഫ് പദ്ധതിയിലൂടെ സ്വന്തമായൊരു വീടെന്ന സ്വപ്നം ഇവരെ തേടിയെത്തിയത്. കഠിനംകുളം പഞ്ചായത്തില്‍ നല്‍കിയ അപേക്ഷ പരിശോധിച്ച് വീടുനല്‍കാന്‍ ഉടന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നാലു ലക്ഷം രൂപയാണ് വീട് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയത്. ഇത് മൂന്ന് ഗഡുക്കളായി വിതരണം ചെയ്തു. രണ്ടു മുറികളും അടുക്കളയും വരാന്തയുമായി മനോഹരമായൊരു വീട് ലൈഫിലൂടെ ഈ കുടുംബത്തിന് ലഭിച്ചു. ആറ് മാസം മുന്‍പ് പണി പൂര്‍ത്തിയാക്കി താമസവും ആരംഭിച്ചു.