തിരുവനന്തപുരം: കേരളക്കരയെ ഏറെ നാള്‍ ആശങ്കയിലാക്കിയ ചെങ്ങറ ഭൂസമരത്തില്‍ വീട് നഷ്ടപ്പെട്ടവരില്‍ ഒരാളാണ് ജോണ്‍. കഷ്ടപ്പാടുകള്‍ക്കും  ദുരിതങ്ങള്‍ക്കും ഇടയില്‍ ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ കണ്ണീരോടെ അല്ലാതെ ഓര്‍ത്തെടുക്കാന്‍ അവര്‍ക്ക് ഇന്നും സാധിക്കില്ല. വര്‍ഷങ്ങളായി തലചായ്ക്കാന്‍ ഒരിടമില്ലാതെ ജോണും കുടുംബവും  നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തിയത്  സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയാണ്.

പത്തനംതിട്ട ചെങ്ങറയില്‍ നിന്ന്  പള്ളിച്ചലിലേക്ക് ഭാര്യയേയും 2 മക്കളെയും കൂട്ടി വണ്ടി കയറുമ്പോള്‍  ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ 4 സെന്റ് ഭൂമിയല്ലാതെ കൈമുതലായി ഒന്നും തന്നെ ജോണിന് ഉണ്ടായിരുന്നില്ല. കൂലിപ്പണി ചെയ്ത്  വര്‍ഷങ്ങളോളം ഷെഡ് കെട്ടി താമസിച്ചിരുന്ന ഇവര്‍ ഇന്ന് അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലാണ്. ലൈഫ് മിഷനിലൂടെ അനുവദിച്ചു നല്‍കിയ 4 ലക്ഷം രൂപയില്‍ 2 മുറിയും ഒരു ഹാളും  അടുക്കളയുമായി ഒരു കൊച്ചു കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യത്തോടുമുള്ള വീടാണ് ജോണിന്റേത്. കഷ്ടപ്പാടിലും  പ്രതീക്ഷയുടെ വെളിച്ചം വീശുകയാണ് ലൈഫ്.