ലൈഫ് മിഷൻ പദ്ധതിയിൽ രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച ഓപ്പൺ ഫോറം അനുഭവ നേർസാക്ഷ്യമായി. ലൈഫ് മിഷനിലൂടെ വീട് ലഭിച്ച ഗുണഭോക്താക്കളും വിദഗ്ധരും വിദ്യാർത്ഥികളും പങ്കെടുത്ത ചർച്ചയിൽ നിറഞ്ഞത് പദ്ധതിയുടെ നാൾവഴികൾ. അടച്ചുറപ്പുള്ള വീട് എന്ന സ്വപ്‌നം യാഥാർത്ഥമായത് ലൈഫ് മിഷനിലൂടെയാണെന്ന് ഗുണഭോക്തക്കൾ ചർച്ചയിൽ പറഞ്ഞു. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും ലൈഫ് മിഷനും സംയുക്തമായാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചത്.

പത്ത് ലക്ഷത്തോളം പേർക്കാണ് പദ്ധതി വഴി നേരിട്ട് ഗുണം ലഭിച്ചതെന്ന് ചർച്ചയ്ക്ക് നേതൃത്വം നൽകിയ ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ് പറഞ്ഞു. ഗുണഭോക്താക്കളുടെ പുഞ്ചിരിയാണ് പദ്ധതിയുടെ ഏറ്റവും വലിയ വിജയമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ ഒരു ജനകീയ മുന്നേറ്റമായിമാറിയെന്ന് മുഖ്യമന്ത്രിയുടെ വികസന ഉപദേഷ്ടാവ് സി.എസ്.രഞ്ജിത്ത് പറഞ്ഞു.

ലൈഫ് മിഷനായി ഒരേക്കർ ഭൂമി നൽകിയ കടയ്ക്കൽ അബ്ദുള്ളയെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. വീടുകൾ പൂർത്തിയാക്കാൻ എല്ലാവർക്കും കഴിയാവുന്ന സഹായങ്ങൾ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്റെ വിജയം അത്ഭുതമാണെന്ന് സാമൂഹിക ശാസ്ത്രജ്ഞ ഡോ.എസ് മീന പറഞ്ഞു. പദ്ധതിയിലൂടെ ഏറ്റവും അധികം വീടുകൾ പൂർത്തിയാക്കിയ വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിലെ സുതാര്യതയും മറ്റ് പ്രവർത്തനങ്ങളും വിശദീകരിച്ചു. 556 വീടുകളാണ് വെള്ളറട ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ചത്. ഡോ. ചന്ദ്രമോഹൻ പദ്ധതിയുടെ തുടക്കത്തിലെ ആസൂത്രണവും രൂപരേഖയും വിശദീകരിച്ചു.

സി.ഇ.ടി ആർകിടെക്ചർ വിഭാഗം മേധാവി ഡോ. ഷീജ, അധ്യാപിക പ്രിയാഞ്ജലി പ്രഭാകരൻ എന്നിവർ  ലൈഫ് മിഷൻ പോലുള്ള പദ്ധതികളിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും വിദ്യാർത്ഥികൾക്കുണ്ടാകേണ്ട സാമൂഹിക പ്രതിബദ്ധതയെപ്പറ്റിയും വിശദീകരിച്ചു. യു.എൻ വികസന പദ്ധതി ഷെൽടർ ഹോം പ്രതിനിധി ഡോ. ഇന്ദു നിർമ്മിതികളിൽ പരിഗണിക്കേണ്ട പാരിസ്ഥിതിക സന്തുലനത്തെപ്പറ്റി സംസാരിച്ചു. നഗരത്തിലെ വിവിധ കലാലയങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ലൈഫ് മിഷന്റെ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ മനസിലാക്കുകയും ചർച്ചകളിൽ സജീവമായി ഇടപെടുകയും ചെയ്തു.