മികച്ച ശുചിത്വ പരിപാലനവും  അണുബാധ നിയന്ത്രണവും നടത്തുന്ന  സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ 2019 ലെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,  താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്.

ജില്ലാതല ആശുപത്രികളിൽ 91.92 ശതമാനം മാർക്ക് നേടി പൊന്നാനി ഡബ്ല്യൂ ആന്റ് സി ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50 ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ കോഴിക്കോട് ജനറൽ ആശുപത്രിക്കാണ്. ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ അഞ്ച്  ആശുപത്രികൾക്ക് 3 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് നൽകും. ജി.എച്ച്. എറണാകുളം, ഡബ്ല്യൂ ആന്റ് സി ഹോസ്പിറ്റൽ മങ്ങാട്ടുപറമ്പ, ഡി.എച്ച്.തിരൂർ, ജി.എച്ച് ഇരിങ്ങാലക്കുട,  ഡബ്ല്യൂ ആന്റ് സി ഹോസ്പിറ്റൽ (ആലപ്പുഴ ) എന്നിവയാണ് ജില്ലാ തലത്തിൽ അവാർഡിനർഹമായ ആശുപത്രികൾ.
സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയ്ക്ക്  പയ്യന്നൂർ താലൂക്ക് ആശുപത്രി  അർഹത നേടി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ കൊടുങ്ങല്ലൂർ  താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയും  താമരശ്ശേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയും പങ്കുവെച്ചു.

സബ് ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ അഞ്ച് ആശുപത്രികൾക്ക് ഒരു ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കും. കരുനാഗപ്പള്ളി, ഹരിപ്പാട്, പൊന്നാനി, കൊയിലാണ്ടി, പാമ്പാടി  താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രികൾ സബ് ജില്ലാ തലത്തിൽ അവാർഡിനർഹരായി.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ മൂന്ന് ക്ലസ്റ്റർ ആയി തിരിച്ചാണ് അവാർഡ് നൽകിയത്. ആദ്യ ക്ലസ്റ്ററിൽ  വെള്ളൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (കോട്ടയം) രണ്ട്  ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ പെരുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്ററിനാണ് (കോട്ടയം). രണ്ടാം ക്ലസ്റ്ററിൽ ആനപ്പുഴ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (തൃശൂർ ) രണ്ട് ലക്ഷം രൂപ കരസ്ഥമാക്കി. മൂലംകുഴി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (എറണാകുളം ) ഒന്നര ലക്ഷം രൂപ നേടി. കാച്ചേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (തൃശൂർ) മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ കരസ്ഥമാക്കി. മൂന്നാം ക്ലസ്റ്ററിൽ കല്ലുനിറ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ  (കോഴിക്കോട്) ഒന്നാം സ്ഥാനത്തെത്തി. രണ്ട് ലക്ഷം രൂപയാണ്. നിലമ്പൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (മലപ്പുറം) രണ്ടാം സമ്മാനം കരസ്ഥമാക്കി.

മംഗലശ്ശേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ  (മലപ്പുറം)  മൂന്നാം സമ്മാനം കരസ്ഥമാക്കി. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ട് ലക്ഷം രൂപ വീതവും ജില്ലയിൽ തന്നെ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 50,000 രൂപ വീതവും ലഭിക്കും. കരകുളം എഫ്.എച്ച്.സി. (തിരുവനന്തപുരം), എളമ്പളളൂർ എഫ്.എച്ച്.സി. (കൊല്ലം), പുന്നപ്ര നോർത്ത് പി.എച്ച്.സി. (ആലപ്പുഴ), ചെന്നീർക്കര എഫ്.എച്ച്.സി. (പത്തനംതിട്ട), വെളിയന്നൂർ എഫ്.എച്ച്.സി. (കോട്ടയം), കുമാരമംഗലം എഫ്.എച്ച്.സി. (ഇടുക്കി), മനീട് പി.എച്ച്.സി.  (എറണാകുളം),  വെറ്റിലപ്പാറ പി.എച്ച്.സി.(തൃശൂർ), കല്ലടിക്കോട് എഫ്.എച്ച്.സി. (പാലക്കാട്), കോട്ടയ്ക്കൽ എഫ്.എച്ച്.സി. (മലപ്പുറം), രാമനാട്ടുകര എഫ്.എച്ച്.സി. (കോഴിക്കോട്), പൂതാടി എഫ്.എച്ച്.സി.(വയനാട്)കതിരൂർ എഫ്.എച്ച്.സി. (കണ്ണൂർ), കരിന്തളം എഫ്.എച്ച്.സി. (കാസർഗോഡ്) എന്നിവയാണ് പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയവർ.
ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിർണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.