വയനാട്: കണിയാമ്പറ്റ ചക്കിട്ടാട്ട് കോളനിയിലെ ഊരു മൂപ്പന്‍ ചടയന്റെ സ്വന്തം വീടെന്ന സ്വപ്നവും സാക്ഷാത്കരിച്ചു. സ്വന്തം വീടെന്ന സ്വപ്നത്തിനൊപ്പം കോളനിയിലെ മറ്റ് കുടുംബങ്ങള്‍ക്കും ലൈഫ് സുരക്ഷിത ഭവനം ലഭ്യമാക്കുന്നതിന് ചടയന്‍ കാരണമായി. കോളനിയിലെ തന്നെ താമസക്കാരനായ സഹോദരന്‍ ഞേണന്റെ വീടിനോട് ചേര്‍ന്ന ഷെഡ്ഡിലായിരുന്നു ചടയന്റയും കുടുംബത്തിന്റെയും ഇതുവരെയുള്ള താമസം.

കുട്ടികളുടെ നന്നേ ചെറുപ്പത്തിലെ ഭാര്യ മരിച്ചുപോയ ചടയന്‍ കൂലിപ്പണി ചെയ്താണ് തന്റെ മൂന്ന് പെണ്‍മക്കളെയും വളര്‍ത്തിയത്. സ്വന്തമായി വീടില്ല എന്ന കാരണത്താല്‍ തന്നെ ഇതുവരെയും മക്കളുടെ വിവാഹം നടന്നിട്ടില്ല. 62 വയസ്സായ ചടയന് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുണ്ട്. സ്വന്തമായി വീട് എന്നത് സ്വപ്നമായി ബാക്കി നില്‍ക്കവെയാണ് ലൈഫ് മിഷന്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. പഞ്ചായത്തില്‍ അപേക്ഷ നല്‍കി സ്വന്തം വീടിനൊപ്പം കോളനിയിലുള്ളവര്‍ക്കും വീട് ലഭിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചടയന്‍ നടത്തി.

ഇന്ന് ചടയന് സ്വന്തം ഭൂമിയില്‍ ഒരു വീടുണ്ട്. ഒപ്പം എട്ട് വീടുകളും. വീടിലോക്കുള്ള റോഡ്, വെളിച്ചം എന്നിവയും പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് നടപ്പിലാക്കി. പൊതു സമൂഹത്തില്‍ പ്രവര്‍ത്തിച്ച് സ്വന്തം ആവശ്യങ്ങള്‍ പോലും നേടിയെടുക്കാന്‍ വിമുഖത കാണിക്കുന്ന ഒരു പറ്റം ഗോത്ര വിഭാഗക്കാര്‍ക്ക് ചടയന്‍ മാതൃകയാണ്. സ്വന്തം വീടിന്റെ സുരക്ഷിതത്തില്‍ പുതിയ ജീവിതം സ്വപ്നം കാണുകയാണ് ചടയനും കുടുംബവും.