വയനാട്: സംസ്ഥാനത്ത് രണ്ടു ലക്ഷം കുടുംബങ്ങളില്‍ പുഞ്ചിരി വിരിയിച്ച സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയില്‍ വയനാട് ജില്ലയ്ക്ക് അഭിമാന നിമിഷം. കാലങ്ങളായി ഭൂമിയും വീടുമില്ലാതെ കഴിഞ്ഞ 6555 ഗോത്ര കുടുംബങ്ങള്‍ക്കാണ് തലചായ്ക്കാന്‍ ഇടമായത്. ചോര്‍ന്നൊലിക്കുന്ന കൂരകളിലെ ദുസ്സഹ ജീവിതത്തില്‍ നിന്നും ഇവര്‍ക്കെല്ലാം ഇനി പുതിയ ജീവിതമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആദ്യ ഘട്ടത്തില്‍ 5968 ആദിവാസി കുടുംബങ്ങള്‍ക്ക് വീടൊരുക്കാന്‍ പദ്ധതി വഴി സാധിച്ചു.
മുന്‍കാലങ്ങളില്‍ വീട് നിര്‍മ്മിക്കാനായി വിവിധ പദ്ധതിയിലൂടെ ലഭിച്ച തുക തികയാതെ വന്നപ്പോള്‍ നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോയ വീടുകളായിരുന്നു ഈ ഘട്ടത്തില്‍ ഏറ്റെടുത്തത്. രണ്ടാം ഘട്ടത്തില്‍ സ്വന്തമായി ഭൂമിയുളള കുടുംബങ്ങളെയാണ് പരിഗണിച്ചത്. ഇത്തരത്തില്‍പ്പെട്ട 229 ആദിവാസി കുടുംബങ്ങളുടെ വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറി. പി.എം.എ.വൈ അര്‍ബന്‍ വിഭാഗത്തിലൂടെ ജില്ലയില്‍ 30 വീടുകളും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ പദ്ധതി പ്രകാരം 328 വീടുകളും നിര്‍മ്മിച്ചു.
സിറ്റൗട്ട്, ഡൈനിംങ് ഹാള്‍, 2 ബെഡ് റൂമുകള്‍, അടുക്കള, ബാത്ത് റൂം തുടങ്ങി 420 സ്‌ക്വയര്‍ ഫീറ്റ് സൗകര്യങ്ങളടങ്ങിയ വീടുകളാണ് കോളനികളില്‍ പദ്ധതിയിലൂടെ നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് മാറിയപ്പോള്‍ കോളനിയിലേക്കെത്തുന്നവര്‍ക്ക് മുന്നില്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും മനസില്‍ നിറയുന്ന ആഹ്ലാദം മറച്ചു വെക്കുന്നില്ല.