വയനാട്: തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം മൂന്ന് സെന്റ് കോളനിക്കാര്‍ക്ക് ഇനി സുരക്ഷിത ജീവിതം. കാടിനുള്ളില്‍ വന്യമൃഗങ്ങളെ ഭയന്ന് കഴിയുന്ന ഇവര്‍ക്ക് ലൈഫ് ഭവന പദ്ധതിയിലൂടെയാണ് അടച്ചുറപ്പുള്ള വീട് കിട്ടിയത്.

ഭൂരഹിതരായ ഈ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. ഇതുവരെയും ഈ കാടിനുള്ളിലും പുറത്തും സുരക്ഷിതമല്ലായിരുന്നു ഇവര്‍ക്ക് ജീവിതം. ഏതു സമയവും വന്യമൃഗങ്ങള്‍ ആക്രമണം പ്രതീക്ഷിക്കണം. വീടും കാട്ടാനകളടക്കം തകര്‍ക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു. ഇതില്‍ നിന്നെല്ലാം ഒരു മോചനം. അതായിരുന്നു ഇവരുടെ സ്വപ്നം.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തിലാണ് കോളനിയിലെ മാധവനും കുടുംബവും. ഓലകൊണ്ട് മറച്ച ഷെഡിലായിരുന്നു വര്‍ഷങ്ങളായി ഇവര്‍ കഴിഞ്ഞിരുന്നത്. അപകടത്തില്‍ കാലു നഷ്ടപ്പെട്ട മാധവന്‍ ജീവിക്കുന്നത് ലോട്ടറി വിറ്റാണ്. ഭാര്യ സതി തൊഴിലുറപ്പിനും മറ്റും പോയാണ് ദൈനം ദിന ജീവിതത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. ഈ വീട് കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയല്ല. സര്‍ക്കാര്‍ നല്‍കിയത് പുതിയ ജീവിതമാണെന്നും ഇവര്‍ പറയുന്നു. അതു പോലെത്തന്നെയാണ് കോളനിയിലെ അന്തേവാസിയായ റംലയ്ക്കും പറയാനുള്ളത്.

രണ്ട് ആണ്‍മക്കളും മരുമകളും 4 വയസ്സുള്ള മകനും ഉള്ള കുടുംബമാണ്. മൂത്ത മകന്‍ കൂലിപ്പണിക്ക് പോയിട്ടാണ് ഈ കുടുംബം കഴിഞ്ഞിരുന്നത് .മകളുടെ പ്രസവ സമയത്ത് ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ വളരെ ബുദ്ധിമുട്ടിയായിരുന്നു കഴിഞ്ഞത്. മൂന്ന് സെന്റ് കോളനിയിലെ യശോദയമ്മ ആറു വര്‍ഷം കഴിഞ്ഞിരുന്നത് ഒറ്റമുറിയുള്ള ചെറ്റകുടിലായിരുന്നു. രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. പെരുമഴയെയും വന്യമൃഗങ്ങളെയും ഭയന്നാണ് വര്‍ഷങ്ങളോളം ഇവര്‍ കുടിലില്‍ ജീവിതം കഴിച്ചു കൂട്ടിയത്. വീടുകിട്ടിയത് അനുഗ്രഹമാണെന്നും ജീവിക്കാന്‍ തന്നെ തോന്നിയത് ഇപ്പോഴാണെന്നും നിറകണ്ണുകളോടെ യശോദയമ്മ പറയുന്നു. ഇതില്‍ നിന്നെല്ലാമുള്ള മോചനമാണ് പുതിയ വീടുകള്‍.