സുരക്ഷിതവും രോഗവിമുക്തവുമായ തൊഴിലിടങ്ങൾ ഓരോ തൊഴിലാളിയുടെയും അവകാശമാണെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ. സുരക്ഷിതത്വം തൊഴിലാളികൾക്കും മാനേജ്മെന്റിനും വ്യവസായശാലകൾക്കു ചുറ്റും അധിവസിക്കുന്ന ജനങ്ങൾക്കും ഒരേപോലെ ബാധകമാണ്. നിയമാനുസൃതമായി ഇതു സാധ്യമാക്കുന്ന നടപടികൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയസുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന വ്യവസായ സുരക്ഷിതത്വ അവാർഡുകൾ സമ്മാനിക്കുന്ന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാക്ടറി നിയമം അനുശാസിക്കുന്നവിധത്തിൽ അപകടരഹിതവും ആരോഗ്യപ്രദവുമായ വ്യവസായാന്തരീക്ഷം കെട്ടിപ്പടുക്കാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണം. സുരക്ഷിതത്വം സംബന്ധിച്ച ബോധം പൊതുസമൂഹത്തിലും വളർന്നുവരണം.
തൊഴിൽസ്ഥാപനങ്ങളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിലും തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗബാധകൾ തടയുന്നതിലും തൊഴിലുടമകളുടെ ഉത്തരവാദിത്വം ഏറെ വലുതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷിതത്വത്തോടൊപ്പം പരിസരമലിനീകരണം ഒഴിവാക്കുന്നതിനും പരിസ്ഥിതിസൗഹൃദവ്യവസായാന്തരീക്
ദുരന്തങ്ങൾ സംഭവിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കുകയാകണം തൊഴിലുടമകളുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഉത്തരവാദിത്വം. അപ്രതീക്ഷിതമായ അപകടങ്ങൾ സംഭവിച്ചാൽ മുൻകരുതലെടുക്കാൻ തൊഴിലാളികളെയും ബഹുജനങ്ങളെയും പ്രാപ്തരാക്കണം. ഫാക്ടറികളിലെയും ഉൽപ്പാദനമേഖലയുമായി ബന്ധപ്പെട്ട മറ്റു തൊഴിലിടങ്ങളിലെയും സുരക്ഷയ്ക്ക് ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് വകുപ്പ് മുഖേന സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സുരക്ഷിതത്വ-ആരോഗ്യ പരിശീലന പരിപാടികൾക്കും ബോധവത്കരണ പ്രവർത്തനങ്ങൾക്കുമൊപ്പം തൊഴിൽജന്യരോഗങ്ങൾ നേരിടുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലത്തെ ഓക്കുപ്പേഷണൽ ഹെൽത്ത് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു. ഇഎസ്ഐയുമായി സഹകരിച്ച് കയർ, കശുഅണ്ടി, മെറ്റൽ, ക്രഷർ, സീഫുഡ് പ്രോസസിംഗ്, പാക്കിങ്ങ് മേഖലകളിൽ തൊഴിൽജന്യരോഗനിർണയ സർവെ പൂർത്തിയാക്കിക്കഴിഞ്ഞു.
ടെക്സ്റ്റൈൽ, ഇലക്ട്രോപ്ലേറ്റിംഗ്, ഇലക്ട്രോണിക്സ്, വെൽഡിംഗ് മേഖലകളിലും റോഡ് ടാറിംഗ്, ലോഡിങ്-അൺലോഡിങ് മേഖലകളിൽ സർവെയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. രോഗങ്ങൾക്കിടയാക്കുന്ന വസ്തുക്കൾ കണ്ടെത്തുന്നതിനായി കൊല്ലത്ത് ഇൻഡസ്ട്രിയൽ ഹൈജീൻ ലാബ് പ്രവർത്തിക്കുന്നു.
തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും ഫാക്ടറി മാനേജർമാർക്കും ഉദ്യോഗസ്ഥർക്കും സുരക്ഷയും ആരോഗ്യവും സംബന്ധിച്ച പരിശീലനം നൽകുന്നതിന് എറണാകുളത്ത് ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഒക്കുപ്പേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സുരക്ഷാബോധവത്കരണത്തിന് വ്യവസായികളുടെ സംഘടനകളും വ്യാപാരവാണിജ്യ സംഘടനകളും മുൻകൈയെടുക്കണം. സുരക്ഷിതവും തൊഴിൽജന്യരോഗമുക്തവുമായ തൊഴിലിടങ്ങൾ യാഥാർഥ്യമാക്കുന്നതിൽ തൊഴിലാളികൾക്കും ട്രേഡ്യൂണിയനുകൾക്കും നിർണായക പങ്ക് വഹിക്കാനുണ്ട്.
ഇതുസംബന്ധിച്ച ബോധവത്കരണപ്രവർത്തനങ്ങൾക്ക് തൊഴിലാളിസംഘടനകൾ മുൻകൈയെടുക്കണം. ബോധവത്കരണക്യാമ്പുകളിലും കാമ്പയിനുകളിലും തൊഴിലാളികളുടെ പൂർണപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആധുനികസാങ്കേതികവിദ്യയുടെ വളർച്ചക്കനുസരിച്ച് ഉൽപ്പാദനമേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസൃതമല്ല പല സ്ഥാപനങ്ങളിലും നിലവിലുള്ള യന്ത്രസംവിധാനങ്ങൾ. ഉൽപ്പാദനമേഖലയിൽ ആധുനികവത്കരണത്തിന്റെ അനിവാര്യതയെക്കുറിച്ച് തൊഴിലുടമകളും തൊഴിലാളികളും ബോധവാന്മാരാകേണ്ടതുണ്ട്. അത് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം സുരക്ഷിതത്വം കണക്കിലെടുത്തു കൊണ്ടു കൂടിയാകണം.
തൊഴിലാളികളുടെ നൈപുണ്യശേഷി വർധിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കണം. നാടിന്റെ വികസനവും വ്യവസായവളർച്ചയും സുരക്ഷിതമായ തൊഴിലിടങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. ഇതിനാവശ്യമായ നടപടികളിലൂടെ കേരളത്തെ നിക്ഷേപ-തൊഴിൽ സൗഹൃദ സംസ്ഥാനമായി മാറ്റാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ നിക്ഷേപങ്ങൾക്കും പുതിയ സംരംഭങ്ങൾ തുടങ്ങാനും കഴിയുന്ന വ്യവസായാന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുരുക്കിയിട്ട് നിക്ഷേപകരെ തടസ്സപ്പെടുത്തുന്ന സാഹചര്യമല്ല ഇന്ന് കേരളത്തിലുള്ളത്. ലൈസൻസുകൾ ഉൾപ്പെടെ വ്യവസായങ്ങൾ തുടങ്ങുന്നതിനാവശ്യമായ എല്ലാ അനുമതികളും ഏകജാലകസംവിധാനത്തിലൂടെ നൽകാൻ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി നടപടി സ്വീകരിക്കുന്നുണ്ട്.
അനാവശ്യമായ തടസ്സവാദങ്ങളുയർത്തി സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമുണ്ടാകരുത്. അനാവശ്യമായ ഇടപെടൽ ആരുടെ ഭാഗത്തുനിന്നുണ്ടായാലും സർക്കാർ കർശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു. യോഗത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി എസ്.ശ്രീകല, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.സി.അനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ എൻ.ജെ.മുനീർ സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടർ പി.പ്രമോദ് സ്വാഗതവും സീനിയർ ജോയിന്റ് ഡയറക്ടർ എസ്.മണി നന്ദിയും പറഞ്ഞു. വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെയും ഉൽപാദന പ്രക്രിയയുടെയും അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് അവാർഡ് നൽകിയത്.