കൊച്ചി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ മിടുക്കികളായ വനിതാ മേസ്തിരിമാർക്കുള്ള ടൂൾകിറ്റുകൾ വിതരണം ചെയ്തു. പി.എം.എ.വൈ (ജി) യിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ആവിഷ്കരിച്ച മേസ്തിരി പരിശീലനത്തിൽ പങ്കെടുത്തവർക്കാണ് ടൂൾ കിറ്റുകൾ ലഭിച്ചത്.

ഗ്രാമപ്രദേശങ്ങളിൽ വീട് നിർമ്മാണത്തിന് വൈദഗ്ധ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കുക, ഗുണമേന്മയുള്ള വീടുകൾ നിർമ്മിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയത്. ചെല്ലാനം പഞ്ചായത്തിലെ ജോസ്ലി മാർട്ടിൻ, മേരി ജാസ്മിൻ, ജോനമ്മ, ശർമ്മിള, മുത്തു പ്രദീഷ് എന്നിവർക്കാണ് കിറ്റ് ലഭിച്ചത്.

ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച പണമുപയോഗിച്ച് ഇവർ തന്നെ നേരിട്ട് പോയാണ് ടൂൾ കിറ്റിലേക്കുള്ള സാധനങ്ങൾ വാങ്ങിയത്. മേസ്തിരി ജോലികൾക്ക് ആവശ്യമായ എട്ട് ഉപകരണങ്ങൾ ഉൾപ്പെട്ടതാണ് കിറ്റ്. കുമ്പളങ്ങി പഞ്ചായത്തിലെ കമ്പോസ്റ്റ് പിറ്റ് നിർമ്മാണത്തിനായി വനിതാ മേസ്തിരിമാരെ ചുമതലപ്പെടുത്തിയതായി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അറിയിച്ചു.