അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
പ്രസംഗ മത്സരത്തില്‍ പുല്‍പ്പള്ളി എസ്.എന്‍.ഡി.പി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിനി തീര്‍ത്ഥ രവി ഒന്നാം സ്ഥാനവും കല്‍പ്പറ്റ ഗവണ്‍മെന്റ് ഐ.ടി.ഐയിലെ അശ്വിന്‍ സന്തോഷ് കുമാര്‍ രണ്ടാം സ്ഥാനവും കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജിലെ അജിത്ത്. കെ. ജിജു മൂന്നാം സ്ഥാനവും നേടി. ചുമര്‍ ചിത്ര രചനാ മത്സരത്തില്‍ മാനന്തവാടി ആറാട്ടുതര സ്വദേശികളായ അരുണ്‍ വടക്കേവീട്, അഖില്‍ വടക്കേവീട്, അഹല്ല്യ വടക്കേവീട് എന്നിവര്‍ ഒന്നാം സ്ഥാനവും മാനന്തവാടി എരുമത്തെരുവ് സ്വദേശി അനീസ് രണ്ടാം സ്ഥാനവും, മാനന്തവാടി ചൂട്ടക്കടവ് സ്വദേശികളായ മനോജ് കുമാര്‍, മേഘ, ജ്യോത്സ്‌ന എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ. ദേവകി, അനില തോമസ്, ഔട്ട് റീച്ച് ബ്യൂറോ ഫീല്‍ഡ് ഓഫീസര്‍ എം.വി പ്രജിത്ത് കുമാര്‍, കല്‍പ്പറ്റ സി.ഡി.പി.ഒ എന്‍.സുധ തുടങ്ങിയവര്‍ പങ്കെടുത്തു. ദിനാഘോഷത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണ്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെ സന്ദേശ റാലി നടത്തി.