എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ലഹരി വിരുദ്ധ ബോധവത്കരണ യജ്ഞത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജനപങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി പറഞ്ഞു. പോലീസ്, ഫുഡ് സേഫ്റ്റി, ആരോഗ്യം, പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. കോളനികള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുക. ബോധവത്കരണ ക്ലാസ്സുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, ജീവിതശൈലീ ബോധവത്കരണം, നൈപുണ്യ വികസനം, കായിക പരിശീലനം എന്നിവയില്‍ ഊന്നല്‍ നല്‍കി നാനാമുഖ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കുട്ടികളെയും മുതിര്‍ന്നവരെയും നയിക്കുന്ന വിധത്തിലാണ് പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കോളനികള്‍ കേന്ദ്രീകരിച്ചുള്ള സൗഹൃദ സന്ദര്‍ശനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡിന്റെ നേതൃത്വത്തില്‍ എരുത്വാപുഴ ഊരില്‍ നടന്നു. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് വീട്ടുപകരണങ്ങളും ധാന്യകിറ്റുകളും വിതരണം ചെയ്തു. പൊന്‍കുന്നം ശാന്തി ഗ്രാം കോളനിയിലും ബോധവത്കരണ പ്രവര്‍ത്തനവും സൗഹൃദ സന്ദര്‍ശനവും സംഘടിപ്പിച്ചു. വിമുക്തി ലഹരി വര്‍ജന മിഷന്റെ ഭാഗമായി നടന്നു വരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും മുഴുവന്‍ കോളനികള്‍ കേന്ദ്രീകരിച്ചും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
(കെ.ഐ.ഒ.പി.ആര്‍-237/18)