കണ്ണൂർ: കോവിഡ് 19 വൈറസ് ബാധ ലക്ഷണത്തെ തുടര്‍ന്ന് 170 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍. ആറു പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 163 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി 40 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍  24 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 16 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

വിദേശത്തു നിന്നെത്തുന്നവരെ പരിശോധനയ്ക്കു വിധേയരാക്കുന്നതിനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് മെഡിക്കല്‍ സംഘങ്ങള്‍ രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്തുവരുന്നു. ബുധനാഴ്ച 897 യാത്രക്കാരെ ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കി. ജില്ലാ ആശുപത്രിയില്‍ 15 ഉം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 25 ഉം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 30 ഉം കിടക്കകളും ഐസിയു സൗകര്യത്തോടു കൂടിയുള്ള ആറു കിടക്കകളും ഐസൊലേഷന്‍ വാര്‍ഡില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.