ഉത്പാദന മേഖലയ്ക്കും ഭവന പദ്ധതികള്‍ക്കും പ്രാമുഖ്യം നല്‍കി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷെഫീന ഷുക്കൂര്‍ അവതരിപ്പിച്ചു. മൊത്തം 9,23,21979 രൂപയുടെ വരവും 9,09,91979 രൂപയുടെ ചെലവും 13,30000 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പൊതുവിഭാഗത്തില്‍ ഉത്പാദന മേഖലയ്ക്ക് 93,52,560 രൂപയും ഭവന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 77,93,800 രൂപയും സേവന മേഖലയ്ക്ക് 46,76,280 രൂപയും രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. വനിതാ ക്ഷേമത്തിനായി 31,17,520 രൂപയും ശിശുക്കള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമത്തിനും വൃദ്ധര്‍, പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ളവരുടെ ക്ഷേമത്തിനുമായി 15,58,760 രൂപ വീതവും വകയിരുത്തിയിട്ടുണ്ട്. ശുചിത്വം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നിവയ്ക്കായി 31,17,520 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
പ്രത്യേക ഘടക പദ്ധതി ഇനത്തില്‍ പശ്ചാത്തല വികസനത്തിന് 55,92720 രൂപയും ഭവനപദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 46,60600 രൂപയും സേവന മേഖലയ്ക്ക് 27,96360 വനിതാ ക്ഷേമത്തിനായി 18,64240 രൂപയും ശിശുക്കള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമത്തിനും വൃദ്ധര്‍, പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ളവരുടെ ക്ഷേമത്തിനുമായി 9,32120 രൂപ വീതവും വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ, കലാകായിക രംഗം പരിപോഷിപ്പിക്കുന്നതിനും ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്. കൂടാതെ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ എല്‍.എസ്.ജി.ഡി ക്വാളിറ്റി പരിശോധന യൂണിറ്റ്, അഗ്രിമാള്‍, കൊപ്പം സി എച്ച് സി യില്‍ പുതിയ ബ്ലോക്ക് എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്.
ഘടക സ്ഥാപനമായ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസിന് ഈ വര്‍ഷം തന്നെ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടാനും വരുംവര്‍ഷങ്ങളിലായി ഘടക സ്ഥാപനങ്ങള്‍ക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടാനും ലക്ഷ്യമിടുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് അവതരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങള്‍, മെമ്പര്‍മാര്‍, ബി.ഡി.ഒ വരുണ്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.