കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു: കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കും
മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പരപ്പനങ്ങാടി നഗരസഭയിലെ 16-ാം ഡിവിഷനായ പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാല്‍ പ്രദേശത്തെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള നാലായിരത്തോളം കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കാനും പത്ത് കിലോമീറ്റര്‍ പരിധിയിലെ കോഴിക്കടകളും മുട്ടവില്‍പ്പന കേന്ദ്രങ്ങളും വളര്‍ത്തുപക്ഷി വില്‍പ്പനശാലകളും അടപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
കടകളിലുള്ള കോഴികളെ ഇക്കാലയളവില്‍ ഭക്ഷണം നല്‍കി സംരക്ഷിക്കാനാണ് നിര്‍ദേശം. ഈ കോഴികളെ യാതൊരു കാരണവശാലും വില്‍ക്കാന്‍ പാടില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കോഴികളെയും പക്ഷികളെയും കൊണ്ടുപോകുന്നത് തടയാന്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണവും പരിശോധനയും ശക്തമാക്കി. ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും
ജനങ്ങള്‍ക്കാവശ്യമായ സഹായത്തിനും സംശയ നിവാരണത്തിനുമായി ജില്ലാ തലത്തിലും തിരൂരങ്ങാടി വെറ്ററിനറി ആശുപത്രി കേന്ദ്രീകരിച്ചും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുറന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഏഴ് അംഗങ്ങള്‍ വീതമുള്ള 10 ടീമുകളെയും നിയോഗിച്ചു. ഇവര്‍ക്കുള്ള പ്രത്യേക പരിശീലനം തുടങ്ങി. പത്ത് ടീമുകളാണ് പ്രതിരോധ പ്രവര്‍ത്തനത്തിനിറങ്ങുക. ആവശ്യഘട്ടത്തില്‍ മറ്റുള്ളവരുടെ സേവനവും ഉപയോഗപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാരും ഇക്കൂട്ടത്തിലുണ്ടാകും. ഇവര്‍ക്കായി പ്രത്യേക സുരക്ഷാക്രമീകരണങ്ങളും ഒരുക്കും.