കൊല്ലം: കോവിഡ്-19 ഭീഷണി 113 രാജ്യങ്ങളിലേക്ക് വ്യാപിച്ചതിനാല്‍ ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജില്ലയിലും രോഗ പരിശോധനയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു. ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണകൊറിയ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ എന്നീ ഏഴു രാജ്യങ്ങളിലാണ് നിലവില്‍ കൂടുതല്‍ കൊറോണ വ്യാപനം നടക്കുന്നത്. തിരികെ എത്തിയവര്‍ പുതുക്കിയ ചികിത്സാ പ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസമാണ് ഐസൊലേഷനില്‍ പ്രവേശിക്കേണ്ടത്. ഫെബ്രുവരി 15 മുതല്‍ എത്തിയവര്‍ക്കാണ് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമായിട്ടുള്ളത്.
രോഗിയുമായി ഇടപഴകുന്നതിന്റെ സ്വഭാവമനുസരിച്ച് പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകള്‍ നിശ്ചയിക്കുന്നു. പോസിറ്റീവ് കേസുകളുമായി നേരിട്ട് ബന്ധപ്പെട്ടവരെല്ലാം പ്രൈമറി കോണ്ടാക്ടും പ്രൈമറി കോണ്ടാക്ടുമായി ഇടപഴകുന്നവരെ സെക്കന്ററി കോണ്ടാക്ടുമായി പരിഗണിക്കും. ഇവരും പനി, തൊണ്ടവേദന, വയറിളക്കം എന്നിവയുടെ ലക്ഷണങ്ങള്‍ കാണിച്ചാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും നിര്‍ദ്ദേശമനുസരിച്ച് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗപ്പെടുത്തി ചികിത്സ തേടുകയും വേണം.
ചികിത്സയ്ക്കുള്ള തരംതിരിവ് ഇപ്രകാരം
കൊറോണ ചികിത്സയ്ക്കായി തിരികെ എത്തിയവരും പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടില്‍പ്പെട്ടവരുമായ രോഗികളെ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
എ കാറ്റഗറിയില്‍ ചെറിയ പനി, തൊണ്ടവേദന, ഡയേറിയ(വയറിളക്കം) എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഗൃഹനിരീക്ഷണത്തില്‍ തുടര്‍ന്നാല്‍ മതിയാകും. കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് പരിശോധനയും തുടര്‍ചികിത്സയും നിശ്ചയിക്കും.
ബി കാറ്റഗറിയില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍ വയോജനങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കാറ്റഗറി എ വിഭാഗത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമാകുന്നപക്ഷം വിദഗ്ദ്ധ ഡോക്ടറുടെ തീരുമാനമനുസരിച്ച് ആശുപത്രിവാസവും ചികിത്സയും നിശ്ചയിക്കും. അല്ലെങ്കില്‍ ഹൈ റിസ്‌ക് വിഭാഗം 28 ദിവസവും ലോ റിസ്‌ക് വിഭാഗം 14 ദിവസവും ഗൃഹനിരീക്ഷണത്തിലായിരിക്കും. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുക്കും.
സി കാറ്റഗറി വിഭാഗത്തില്‍ ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്നവര്‍, കിടത്തി ചികിത്സയില്‍ തുടരുന്നവര്‍ തുടങ്ങിയവര്‍ രോഗലക്ഷണം കാണിച്ചാല്‍ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
ജില്ലയില്‍ നിലവില്‍ ഹൈ റിസ്‌ക് കോണ്ടാക്ടായി റാന്നിയില്‍ നിന്നും പുനലൂരില്‍ എത്തിയവരുമായി ബന്ധപ്പെട്ടവര്‍ മാത്രമേ ഉള്ളൂവെന്ന് ഡി എം ഒ അറിയിച്ചു. ന്യുമോണിയ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ക്ക് ട്രാവല്‍ ഹിസ്റ്ററി ഇല്ലെങ്കില്‍ പോലും മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഐസൊലേഷന്‍ സൗകര്യം പ്രയോജനപ്പെടുത്തി ചികിത്സ തുടരും. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ മറ്റു വായുജന്യ രോഗങ്ങളുടെ ചികിത്സയിലും ശ്രദ്ധ പുലര്‍ത്തണം.
സാമ്പിള്‍ എടുക്കുന്നത് ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭ്യമാക്കുന്ന രോഗികളുടേത് മാത്രമായിരിക്കണം. എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും ഈ നിര്‍ദ്ദേശം പാലിക്കണം. പരിഭ്രാന്തരായി വരുന്ന രോഗികളെ ബോധവത്കരിക്കുകയും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുന്നതിന് ആവശ്യപെടുകയും വേണം. എല്ലാ ആശുപത്രികളിലും വായുജന്യരോഗ നിയന്ത്രണ കോര്‍ണര്‍ ശക്തിപ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 296 പേരും ആശുപത്രിയില്‍ 11 പേരും ഉണ്ട്. 201 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 98 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 103 പേരുടെ റിസല്‍റ്റ് നെഗറ്റീവ് ആണ്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
കൊറോണ ബാധയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം