ശബ്ദമലിനീകരണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി. ഉച്ചഭാഷിണികള്‍ അനുവദനീയമായ തോതിലും കൂടുതല്‍ ശബ്ദത്തില്‍ ഉപയോഗിക്കുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. നിലവില്‍ അനുവദനീയമായതിലും 10 ഡെസിബല്‍ ഇളവ് ജില്ലയില്‍ അനുവദിക്കുമെന്ന് ഇത് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മൈക്ക് ഓപ്പറേറ്റര്‍മാരുടെയും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗത്തില്‍ കളക്ടര്‍ അറിയിച്ചു. അതനുസരിച്ച് ജില്ലയിലെ പൊതുനിരത്തുകളില്‍ 75 ഡെസിബലും ജനവാസകേന്ദ്രങ്ങളില്‍ 65 ഡെസിബല്‍ ശബ്ദത്തിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാം. അതില്‍ കൂടുതല്‍ ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്കും സംഘാടകര്‍ക്കുമെതിരെ വിവിധ നിയമങ്ങളനുസരിച്ച് തടവും പിഴയുമടക്കം കര്‍ശന ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയുള്ള സമയത്ത് ഉച്ചഭാഷിണി ഉപയോഗം നിരോധിക്കും.
ഉത്സവക്കാലം പരീക്ഷക്കാലം കൂടിയായതിനാല്‍ ശബ്ദമലിനീകരണം മൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിക്കേണ്ടതാണെന്ന് യോഗം വിലയിരുത്തി. രോഗികള്‍ക്കും കുട്ടികള്‍ക്കും ഇത് ഏറെ ദോഷകരമാണ്. രക്താതിസമ്മര്‍ദ്ദം, പ്രമേഹം, മാനസിക അസുന്തലനാവസ്ഥ, വിഷാദം, കേള്‍വികുറവ്, വന്ധ്യത, ഷണ്ഡത്തം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ശബ്ദ മലിനീകരണം കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായി ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍ അറിയിച്ചു.
ശബ്ദമലിനീകരണം സംബന്ധിച്ച പരാതികള്‍ 6062606 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്. യോഗത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രശാന്ത്, ജില്ലാ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ ബി. ബിജു, ഡെപ്യൂട്ടി കളക്ടര്‍ വി.ആര്‍. വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.