തിരുവനന്തപുരം: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാനുള്ള സംവിധാനങ്ങൾ ജില്ലയിൽ സജ്ജമാണെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. കൊറോണ സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിന് വിവിധ ആശുപത്രികളിലായി ബെഡുകൾ തയ്യാറാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ ഒറ്റ ദിവസം കൊണ്ട് കൂടുതൽ ഐസ്വലേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പും പൂർണമാണ്.

ആവശ്യത്തിന് ആംബുലൻസുകളും ഉറപ്പാക്കിയിട്ടുണ്ട്. കൊറോണ സംശയനിവാരണത്തിനുള്ള ജില്ലാ കൺട്രോൾ റൂമിൽ 30 മെഡിക്കൽ പി.ജി. വിദ്യാർഥികളെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെല്ലാം ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി.  പ്രാഥമിക പരിശോധനകൾക്ക് എല്ലാവരും മെഡിക്കൽ കോളേജിൽ എത്തുന്നതിനു പകരം അടുത്തുള്ള സർക്കാർ ആശുപത്രികളിൽ പോകുന്നതാണ് ഉചിതം.  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കളക്ടർ പറഞ്ഞു.