കാക്കനാട്: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൻ്റെ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ വിലയിരുത്തി. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും കൂടുതൽ പേർ തിരികെയെത്താൻ സാധ്യതയുള്ളതായി യോഗം വിലയിരുത്തി. അവർക്കായി ജില്ലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കളക്ടർ നിർദ്ദേശിച്ചു.
ഇത്തരം സാഹചര്യം നേരിടുവാൻ തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിലെ പേ വാർഡ് ഉപയോഗപ്പെടുത്തുവാൻ തീരുമാനിച്ചു. ഇത് അടിയന്തിരമായി ഒഴിപ്പിക്കാനും തീരുമാനിച്ചു. 80 മുറികളാണ് ഇവിടെ ഉള്ളത്.
നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിനുള്ളിലെ ഐ.സി.യു സൗകര്യം വർധിപ്പിക്കാനും കളക്ടർ നിർദ്ദേശിച്ചു.
14 പേരാണ് കൺട്രോൾ റൂമിലെ കോൾ സെൻ്ററിൽ പ്രവർത്തിക്കുന്നത്. അഡീഷണൽ ഡി.എം.ഒ ഡോ.ആർ.വിവേകാണ് മേൽനോട്ടം നൽകുന്നത്. ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന സർവൈലൻസ് യൂണിറ്റും കളക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.