കാസർഗോഡ്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കാഞ്ഞങ്ങാടും സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. കെട്ടിടം പണിയുടെ 50 ശതമാനവും പൂര്‍ത്തിയായി. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടെണ്ടര്‍ നടപടികളും പുരോഗമിക്കുന്നു. മൂന്നു നിലകളുള്ള ആശുപത്രി 9.41 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. 35000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയില്‍ 100 ബെഡുകളുണ്ട്.
അത്യാധുനിക സംവിധാനങ്ങള്‍
പ്രസവം മുതല്‍ ശിശു രോഗങ്ങളും സ്ത്രീകളുടെ അസുഖങ്ങളും ചികിത്സിച്ചു ഭേദമാക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രമാകും ആശുപത്രി. ജില്ലാ ആശുപത്രിയില്‍ നിന്ന് മൂന്ന് കിലോ മീറ്ററും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് 30 കിലോമീറ്ററുമാണ് കാഞ്ഞങ്ങാട് ഒരുങ്ങുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്കുള്ള ദൂരം. ഗൈനക്കോളജി, പീഡിയാട്രിക്‌സ്, അനസ്തേഷ്യ, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, റേഡിയോളജി വിഭാഗങ്ങള്‍ ആശുപത്രിയിലുണ്ടാകും. പ്രസവ ശേഷം അമ്മയേയും കുഞ്ഞിനേയും വീടുകളിലേക്ക് എത്തിക്കുന്ന മാതൃയാനം പദ്ധതിയുള്‍പ്പെടെ അത്യാധുനിക വൈദ്യ സംവിധാനങ്ങള്‍ നിറഞ്ഞ ആശുപത്രി ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകും.
പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടു
ആശുപത്രിയില്‍ 126 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആധുനിക സംവിധാനങ്ങളോടു കൂടിയ മികച്ച സേവനം ആശുപത്രി യാഥാര്‍ത്ഥ്യമാകുന്നതോടെ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ.വി. രാം ദാസ് പറഞ്ഞു.
ആശുപത്രിയുടെ വിപുലീകരണത്തിന് സ്ഥലം നല്‍കും- കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍
കാഞ്ഞങ്ങാട് ജില്ലാശുപത്രിയുടെ പഴയ കെട്ടിടം നിന്നിരുന്ന സ്ഥലത്താണ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി നിര്‍മ്മിക്കുന്നത്. 2019 ജനുവരിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചത്. ആശുപത്രിയുടെ വിപുലീകരണത്തിന് ആവശ്യമായ സ്ഥലം നഗരസഭ നല്‍കുമെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ പറഞ്ഞു.