കാസർഗോഡ്: ജില്ലയില്‍ ആകെ 249 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ പത്ത് പേര്‍ ആശുപത്രികളിലും 239 പേര്‍ വീടുകളിലുമായാണ് ഉള്ളത്. നിലവില്‍ പോസിറ്റീവ് കേസുകളില്ല. യു.എ.ഇയില്‍ നിന്നെത്തിയ 78 പേരും ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ 58 പേരും ഇറ്റലിയില്‍ നിന്നെത്തിയ 21 പേരും മലേഷ്യ ,കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നെത്തിയ 13 പേര്‍ വീതവും സൗദി അറേബ്യയില്‍ നിന്നെത്തിയ 12 പേരും ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള   എട്ടുപേര്‍ വീതവും ജപ്പാനില്‍ നിന്നെത്തിയ ആറുപേരും ബഹ്‌റിന്‍, ഇംഗ്ലണ്ട്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ വീതവും സിംഗപ്പൂര്‍, റഷ്യ, എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ വീതവും ഓസ്ട്രലിയയില്‍ നിന്നെത്തിയ രണ്ട് പേരും   നിരീക്ഷണത്തിലുണ്ട്.
വിദേശത്തു നിന്നും വരുന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ  സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണം. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജന ജാഗ്രത സമിതികള്‍ കൂടുതല്‍ ഊര്‍ജിത പെടുത്തിയിട്ടുണ്ട്. ജില്ലയില്‍  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  ജാഗ്രതയോടെ കൂടി പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ വി രാംദാസ് അറിയിച്ചു. ജില്ലയില്‍ പ്രൈവറ്റ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസ്  നടന്നു.
കൊറോണ വൈറസ് പ്രതിരോധം: യോഗം
ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന്  മാര്‍ച്ച് 14  രാവിലെ 11 ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കേണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ അധ്യക്ഷന്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
കൊറോണ :  ഹോമിയോപ്പതി വകുപ്പ് അടിയന്തര യോഗം ചേര്‍ന്നു
കോവിഡ് 19 (കൊറോണ) ന്റെ വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താനായി ഹോമിയോപ്പതി വകുപ്പിന്റെ സാംക്രമിക രോഗപ്രതിരോധ നിയന്ത്രണവിഭാഗം അടിയന്തിരയോഗം ചേര്‍ന്നു. ജില്ലയിലെ ഹോമിയോ ഡോക്ടര്‍മാരെല്ലാവരും കൊറോണ നിയന്ത്രണപരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് യോഗം എൈക കണ്‌ഠേന തീരുമാനിച്ചു. കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക്  ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി അജാനൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളി ബിയെ  നിയോഗിച്ചു. എല്ലാ വിഭാഗം ഡോക്ടര്‍മാരും തങ്ങളുടെ സ്ഥാപനങ്ങളില്‍ വരുന്ന പനി കേസുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാര്‍/ സ്വകാര്യ  മേഖല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി  അവരവരുടെ ജീവനക്കാരെ സുരക്ഷിതരായി നിര്‍ത്തണം.  ഇതിന് ആവശ്യമായ മാസ്‌കുകള്‍, ഹാന്റ് റബ്ബ് പോലെയുള്ള പ്രതിരോധ വസ്തുക്കള്‍ അവര്‍ക്ക് നല്‍കണം.കൊറോണയ്ക്ക് ചികിത്സ ആവശ്യമെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡായി കളനാട്, നീലേശ്വരം, എന്നീ ആശുപത്രികളില്‍ സൗകര്യം ഒരുക്കും. ഡോക്ടര്‍മാരുടെ അടുത്ത് എത്തുന്നവയില്‍ കൊറോണ സംശയിക്കുന്ന കേസുകള്‍ അപ്പോള്‍ത്തന്നെ ആരോഗ്യ വകുപ്പിന്റെ ദിശ -യിലോ (ഫോണ്‍ : 04712552056, ടോള്‍ ഫ്രീ നമ്പര്‍ – 1056)  ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂം സെന്ററിലോ (ഫോണ്‍ 9946000293) അറിയിക്കണം.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. രാമസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/സ്വകാര്യ മേഖലകളുടെ പ്രതിനിധികളായ ഡോക്ടര്‍മാര്‍ പങ്കെടുത്തു.
 
 
കൊറോണ വൈറസ് പ്രതിരോധം: നീലേശ്വരത്ത് ‘തൂവാലയാണ് മാലാഖ’ ക്യാമ്പയിന് തുടക്കം
കൊറോണ വൈറസ് ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൂവാലയാണ് മാലാഖ എന്ന സന്ദേശവുമായി പൊതു സ്ഥാപനങ്ങളില്‍ തൂവാല ലഭ്യമാക്കുന്ന പരിപാടിക്ക് നീലേശ്വരം നഗരസഭയില്‍  തുടക്കമായി.  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നഗരസഭ വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകന യോഗത്തില്‍ തൂവാലയുടെ വിതരണം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട്് ഡോ. ജമാല്‍ അഹമ്മദിന് നല്‍കി നിര്‍വ്വഹിച്ചു.  പുതുതായി വാങ്ങിയ സ്പീഡ് ജറ്റര്‍ ഉള്‍പ്പെടെയുള്ള ശുചീകരണ സാമഗ്രികളുടെ കൈമാറ്റവും നഗരസഭാ ചെയര്‍മാന്‍ നിര്‍വ്വഹിച്ചു. നഗരസഭയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. സുബൈര്‍ വിശദീകരിച്ചു.
  യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ  എ.കെ.കുഞ്ഞികൃഷ്ണന്‍, പി.രാധ, പി.എം.സന്ധ്യ, പി.പി.മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗ്ഗവി, എറുവാട്ട് മോഹനന്‍,  എം.സാജിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി സി.കെ. ശിവജി നന്ദിയും പറഞ്ഞു.
എന്താണ് ഇന്‍ക്യൂബേഷന്‍ പിരീഡ്
1. രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്ന സമയം മുതല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുളള സമയമാണ് ഇന്‍ക്യൂബേഷന്‍ പിരിഡ്. ഉദാഹരണത്തിന് ചിക്കന്‍ പോക്‌സ് ശരിരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഏഴു മുതല്‍ 14 ദിവസം കഴിഞ്ഞാകും പനിയും മറ്റ് ലക്ഷണങ്ങളും കണ്ട് തുടങ്ങുക.  ഓരോ രോഗത്തിനും ഈ കാലയളവ് വ്യത്യസ്തമായിരിക്കും.
2. ഇന്‍ക്യൂബേഷന്‍ പിരീഡില്‍ ശരീരത്തില്‍ പ്രവേശിച്ച രോഗാണു പല മടങ്ങായി
   വര്‍ദ്ധിക്കുകയും ശരീരത്തിലെ കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
3. ഇന്‍ക്യുബേഷന്‍ പിരിഡില്‍ നടത്തുന്ന മെഡിക്കല്‍ ടെസ്റ്റുകളിലുടെ രോഗം
   നിര്‍ണയിക്കാനുളള സാധ്യത വളരെ കുറവാണ്.
4. ഇന്‍ക്യൂബേഷന്‍ പിരിഡില്‍ കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവ് ആയാലും
  ഐസോലേഷന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
5. ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ഇന്‍ക്യൂബേഷന്‍ പിരീഡില്‍
  എപ്പോള്‍ വേണമെങ്കിലും ഫലം പോസിറ്റീവ് ആകാം.
കൊറോണ:  കുമ്പള പഞ്ചായത്തില്‍ അവലോകനം നടത്തി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
കുമ്പളഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും മെമ്പര്‍മാര്‍ക്കും ആശ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ അവലോകനം നടത്തിപഞ്ചായത്ത് പ്രസിഡന്റ കെ എല്‍ പുണ്ഡരീകാക്ഷ യുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോന്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എ കെ ആരിഫ് പഞ്ചായത്തുതല സ്ഥിതിഗതികള്‍ വിലയിരുത്തി. ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സുബ്ബഗട്ടി കൊറോണയുടെ വ്യാപനത്തെക്കുറിച്ച് സംസാരിച്ചു. കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അശോകന്‍ വൈറസ് ബാധയും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു.
കൊറോണയെ പ്രതിരോധിക്കാനും പൊതുജന ബോധവത്കരണത്തിനുമായി പഞ്ചായത്തില്‍ മൈക്ക് അനൗന്‍സ്മെന്റ് നടത്തുന്നതിനും ഭയമല്ല ജാഗ്രതയാണ് ആവശ്യമെന്നും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എല്ലാ വാര്‍ഡുകളിലും ജാഗ്രത സമിതി യോഗം ചേരുകയും ആശങ്ക അകറ്റുന്നതിനും ജനങ്ങള്‍ കൂട്ടം കൂടുന്ന പൊതുപരിപാടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യും. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളും ആരാധനാലായങ്ങളും സന്ദര്‍ശിച്ചു നിദേശങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു. പ്രതിരോധത്തിന് വാര്‍ഡുകളില്‍ ജാഗ്രത സമിതികള്‍ രൂപികരിക്കും. സി എച്ച് സിയില്‍ ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിച്ചു. കുമ്പള കോറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 23  വാര്‍ഡുകളിലും ആരോഗ്യ ജാഗ്രത സമിതികള്‍ രൂപികരിക്കാന്‍ ആരിക്കാടി കുമ്പള ആരോഗ്യകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് തല യോഗം തീരുമാനിച്ചു. നാളെ (മാര്‍ച്ച് 15) വരെ വിവിധ വാര്‍ഡുകളില്‍ സമിതികള്‍ യോഗം ചേരും. ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, മതനേതാക്കള്‍, അംഗന്‍വാടി, ആശ, കുടുംബശ്രീ, യൂത്ത് ക്ലബ്ബുകള്‍, പൊതുപ്രവര്‍ത്തകര്‍ യോഗങ്ങളില്‍ സംബന്ധിക്കും.
വിദേശരാജ്യങളില്‍നിന്നും വരുന്നവരെ കണ്ടെത്തി 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനുള്ള നടപടികള്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ സ്വീകരിക്കുംവിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ പൊതു സ്വകാര്യ ചടങ്ങുകള്‍ ഒഴിവാക്കേണ്ടതും,പനി, ജലദോഷം,തൊണ്ടവേദന,തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി ആരോഗ്യ വകുപ്പു നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നറിയിക്കും. സംശയാസ്പദമായകേസുകള്‍ ഉചിതമായ ചികിത്സക്ക് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശത്തിന് വിടും. വാര്‍ഡുകളില്‍ നിരീക്ഷണം ശക്തമാക്കും,സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തും. ആരിക്കാടി കുമ്പള ആരോഗ്യകേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ സേവനം ലഭിക്കും.
വൈസ് പ്രസിഡന്റ് ഗീത ഷെട്ടി, സ്ഥിരം സമിതി അംഗങ്ങളായ ബി എ മുഹമ്മദ് അലി, ഫാത്തിമ അബ്ദുല്ലക്കുഞ്ഞി, മെമ്പറായ മുരളീധര യാദവ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി സി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.