രണ്ട് മെഡിക്കല്‍ ബോര്‍ഡുകള്‍ക്ക് രൂപംനല്‍കി

സമ്പര്‍ക്ക വിവരങ്ങള്‍ കണ്ടെത്താന്‍ ഏഴ് സംഘം

കണ്ണൂർ: ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ അമ്മ, ഭാര്യ, മകന്‍ എന്നിവരും ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ദുബൈയില്‍ ഇദ്ദേഹത്തോടൊപ്പം മുറിയില്‍ താമസിച്ചവരുള്‍പ്പെടെ ആറു പേരും ബന്ധുക്കളും സുഹൃത്തുക്കളുമായ ആറുപേരും അടക്കം ആകെ 12 പേര്‍ വീടുകളില്‍ ഐസൊലേഷനിലാണ്. ഇവരിലൊന്നും രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലെന്നും അതിനാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളെയും പെട്ടെന്നുതന്നെ കണ്ടെത്താനായി എന്നത് ആശ്വാസകരമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ദുബൈയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ ഇദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളുടെ റോഡ്മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാമധ്യേ ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കാനിടയുള്ളവരുടെ പട്ടിക തയ്യാറാക്കി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം രൂപീകരിച്ച ഏഴ് കോര്‍ കമ്മിറ്റികളാണ് നേതൃത്വം നല്‍കുന്നത്. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവരില്‍ വരുംദിനങ്ങളില്‍ നാട്ടിലെത്തുന്നവരെ വിമാനത്താവളത്തില്‍ നിന്നുതന്നെ ആരോഗ്യവകുപ്പ് സംഘം പരിശോധനയ്ക്ക് വിധേയമാക്കി നടപടികള്‍ സ്വീകരിക്കും.
അടിയന്തര സാഹചര്യങ്ങളില്‍ വൈറസ് ബാധ സംശയിക്കുന്നവരെ സാമ്പിള്‍ പരിശോധന ഉള്‍പ്പെടെയുള്ളവയ്ക്ക് വിധേയമാക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ രണ്ട് മെഡിക്കല്‍ ബോര്‍ഡുകള്‍ക്ക് ജില്ലയില്‍ രൂപം നല്‍കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസ്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് മെഡിക്കല്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുക.

രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി കലക്ടറേറ്റില്‍ സഹായ കേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചു. 04972 700225, 04972 700645 എന്നിവയാണ് നമ്പറുകള്‍. റവന്യൂ വകുപ്പിന്റെ  നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെയും എന്‍ഐസിയുടെയും സഹകരണത്തിലാണ് സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
19 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും നാലു പേര്‍ ജില്ലാ ആശുപത്രിയിലും അടക്കം 23 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 200 പേര്‍ വീടുകളില്‍ ഐസൊലേഷനിലാണ്. ഇവരെ നിരീക്ഷിക്കുന്നതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആരോഗ്യവകുപ്പിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 27 പേരുടെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി പെരിങ്ങോം വയക്കര പഞ്ചായത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ബോധവല്‍ക്കരണ നടപടികള്‍ ആരംഭിച്ചു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സബ് കലക്ടര്‍ എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ നാരായണ നായ്ക്, ഡിപിഎം ഡോ. കെ വി ലതീഷ്, ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസറുമായ ഡോ. കെ എം ഷാജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. ബി സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.