കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊന്നാനി മണ്ഡലത്തില്‍ 12 ഇന കര്‍മ്മ പദ്ധതികള്‍ക്ക് സ്പീക്കറുടെ നേതൃത്വത്തില്‍ രൂപം നല്‍കി. കോവിഡ് 19യുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എടുത്തു വരുന്ന പ്രതിരോധ മുന്‍കരുതലകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇന്ന്(മാര്‍ച്ച് 17) മുതല്‍ വാര്‍ഡ് മെമ്പര്‍മാരുടെയും, ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ വീടുകള്‍ കയറി ബോധവത്ക്കരണം നടത്താന്‍ യോഗത്തില്‍ തീരുമാനമായി. വിദേശത്തു നിന്ന് വരുന്നവരുടേയും ബന്ധുക്കളുടേയും വിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിക്കും. ശുചിത്വ പരിപാലനം ത്വരിതപ്പെടുത്തും, ബിയ്യം ടൂറിസം, കവിമുറ്റം ഉള്‍പ്പെടെ എല്ലാ പാര്‍ക്കുകളും ലൈബ്രറികളും മാര്‍ച്ച് 31 വരെ അടച്ചിടും. ആശുപത്രിയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും. വിവാഹ മണ്ഡപങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പടുത്തും എന്നിങ്ങനെയുള്ള 12 ഇനം കര്‍മ്മപദ്ധതികള്‍ക്കാണ് യോഗം രൂപം നല്‍കിയത്.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ റൗബ റസിഡന്‍സിയില്‍ ചേര്‍ന്ന യോഗത്തില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ്കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണിതങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അശ്‌റഫ് ആലുങ്ങല്‍, സ്മിത ജയരാജന്‍, സുഹറ ബാബു, സുജിത കടയില്‍, തഹസില്‍ദാര്‍ വിജയന്‍, മറ്റു വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബ്രേയ്ക്ക് ദി ചെയിന്‍ ക്യാമ്പയിനിന് പൊന്നാനി നഗരസഭയിലും തുടക്കമായി

കോവിഡ്  19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പൊന്നാനിയിലും കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. നഗരസഭാ ഓഫീസ്, ബസ് സ്റ്റാന്റ്, പുതുപൊന്നാനി, കൊല്ലന്‍പ്പടി, ചന്തപ്പടി, ചമ്രവട്ടം, കുണ്ടുകടവ് ജംങ്ഷന്‍ തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് നഗരസഭ പൊതുജനങ്ങള്‍ക്ക് കൈ കഴുകാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. നഗരസഭാ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഹാന്‍ഡ് വാഷാണ് ഇതിനായി  ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്  19 വ്യാപനത്തിനെതിരെ നടക്കുന്ന ബ്രേക്ക് ദി ചെയിന്‍ ചലഞ്ചിന്റെ ഭാഗമായാണ്  നഗരസഭ പ്രധാന ഇടങ്ങളില്‍ കൈ കഴുകാനുള്ള സൗകര്യം ഒരുക്കിയത്. വൈറസ് വ്യാപനത്തിനെതിരെ മുഴുവന്‍ വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഇന്ന് (മാര്‍ച്ച് 17) മുതല്‍ മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പോഷക സമിതികള്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കാനും നഗരസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോധവത്ക്കരണത്തിനായി നഗരസഭയുടെ വിളംബര വാഹനം  നഗരത്തില്‍  പ്രചരണം നടത്തുന്നുണ്ട്. നഗരസഭ പരിധിയിലെ ഉന്നത തല യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. നഗരസഭാ ഓഫീസിനു മുന്നില്‍ വച്ച കൈ കഴുകുന്ന സംവിധാനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷറഫ് പറമ്പില്‍, കൗണ്‍സിലര്‍മാരായ എ.കെ ജബ്ബാര്‍, ഇക്ബാല്‍ മഞ്ചേരി, നഗരസഭാ സൂപ്രണ്ട് എസ്.എ വിനോദ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.