കോവിഡ് 19 വ്യാപനം ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമാണ്. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയോഗിച്ച വിദഗ്ദ്ധ കമ്മിറ്റിയുടെ റിപ്പോർട്ടിനനുസരിച്ച് ഭക്ഷ്യവസ്തുക്കളിലൂടെ കോവിഡ് 19 പടരുന്നതായി തെളിയിക്കുന്ന യാതൊരു റിപ്പോർട്ടും ലഭ്യമായിട്ടില്ല.  കോവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടുളള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമാണെന്നുളള അറിയിപ്പ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ലഭ്യമാക്കി.  ശരിയായ താപനിലയിൽ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയിൽ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ശരിയായ താപനിലയിൽ പാകം ചെയ്ത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും മന്ത്രി അറിയിച്ചു.  ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളിൽ കൈ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന സാനിട്ടൈസർ, ഹാൻഡ് വാഷ്, സോപ്പ് എന്നിവ ഗുണനിലവാരമുളളതാണെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വേണ്ട പരിശോധന നടത്തണം. കോവിഡ് വ്യാപനം തടയുന്നതിന് വൃത്തിയായി കൈ കഴുകുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളുടെ ഉടമകൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.