കാക്കനാട് : ഇന്നലെ കാക്കനാട് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ എത്തിയ ഒരു വിളിയിൽ ചോദ്യത്തിന് മുൻപേ കരച്ചിൽ ആണ് കേള്‍ക്കാനായത്. ആദ്യമൊന്ന് പകച്ചെങ്കിലും കൺട്രോൾ റൂമിൽ കോൾ എടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരി ആശ്വസിപ്പിച്ചു കാര്യം അന്വേഷിച്ചു. മകൾ കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് നാട്ടിലെത്തിയതാണ്. രോഗ ലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും സുരക്ഷ പരിഗണിച്ച് സ്വയം ക്വാറന്‍റീന് തയാറായി. മകൾക്ക് രോഗമുണ്ടാവരുതെന്ന് പ്രാർത്ഥിക്കാനായി പള്ളിയിൽ ചെന്നപ്പോള്‍ കടക്കാന്‍ പോലും അനുവദിച്ചില്ലെന്നായിരുന്നു ആ ഗദ്ഗദം.
ഫോൺ വെച്ച ഉടൻ തന്നെ പള്ളിയിലെ വികാരിയുടെ ഫോണിലേക്ക് വിളി പോയി. അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പം മനസിലായി. പള്ളിയിൽ പൊതുവായി ഒറ്റപ്പെടുത്തരുതെന്ന് അനൗണ്‍സ് ചെയ്തു. ചേച്ചിക്ക് സന്തോഷം.
കളക്ടറേറ്റിൽ കോവിഡ് 19 സംശയങ്ങൾ തീർക്കാനായി ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ ദിവസേന കേൾക്കുന്ന ചോദ്യങ്ങളിൽ പേടിയും ആകുലതയും സംശയങ്ങളും ആവോളമുണ്ട്. ഇവർക്ക് ആശ്വാസവും സംശയത്തിന് മറുപടിയും നൽകിയാണ് ഓരോ വിളിയും അവസാനിക്കുന്നത്. സംശയങ്ങളും ആകുലതകളും മാത്രമല്ല സേവനങ്ങൾ വാഗ്ദാനം ചെയ്യാനും നിർദേശങ്ങൾ നൽകാനും ഉള്ള വിളികളും നിരവധിയാണ്.
ഈ ദിവസങ്ങളിൽ മറ്റൊരു വിളി എത്തി. ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ. നിരീക്ഷണത്തിൽ ഉള്ളവരുടെ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് അറിയാനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കുന്നതിന്‍റെ സാധ്യതകളാണ് അവര്‍ക്കറിയേണ്ടത്. ഐ.ടി മിഷന്‍റെ നമ്പര്‍ കണ്‍ട്രോള്‍ റൂം കൈമാറി.
തൊട്ടുവിശ്വാസികളാണ് മറ്റൊരു കൂട്ടര്‍. കൺട്രോൾ റൂം നമ്പറിൽ വിളിച്ചാൽ എടുക്കുമോ എന്നറിയാനാണ് അക്കൂട്ടരുടെ വിളി.
ഭക്ഷണാവശിഷ്ടം എന്ത് ചെയ്യണം
ഫ്ലാറ്റുകളിലെയും റെസിഡൻസ് അസ്സോസിയേഷനുകളിലെയും കോളുകള്‍ കൂടുതലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഭക്ഷണാവശിഷ്ടം എന്തു ചെയ്യണമെന്നറിയാണ്. വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ (ഒരു ലിറ്ററിന് മൂന്ന് സ്പൂൺ) കലക്കി അണുവിമുക്തമാക്കി നിര്‍മാര്‍ജനം ചെയ്യാനാണ് കണ്‍ട്രോള്‍ റൂമിന്‍റെ നിര്‍ദേശം.
ക്വാറന്‍റീനിലുള്ളവരെ ആരോഗ്യ വകുപ്പ് മാത്രമല്ല നമ്മുടെ നാട്ടിൽ നിരീക്ഷിക്കുന്നത്. നാട്ടുകാരും അതിന് മുൻപന്തിയിൽ ഉണ്ട്. എന്നാൽ നിരീക്ഷണത്തിൽ ഉള്ളവരുമായി ഇടപഴകാത്ത വീട്ടുകാർ പുറത്തിറങ്ങിയാൽ പോലും കൺട്രോൾ റൂമിലേക്ക് വിളി വരും. നിരീക്ഷണത്തിലുള്ളവരുമായി ഇടപെട്ടിട്ടില്ല എങ്കിൽ അവർക്ക് പുറത്തിറങ്ങാം എന്ന് പറയുമ്പോൾ വിളിക്കുന്ന ആളുകൾക്ക് സമാധാനം.
സാനിറ്റൈസർ എങ്ങനെ ഉപയോഗിക്കണം, എവിടെയൊക്കെ ലഭ്യമാകും തുടങ്ങി സുരക്ഷയുമായി ബന്ധപ്പട്ട ചോദ്യങ്ങളുമായി നിരവധി പേരും കൺട്രോൾ റൂമിലേക്ക് വിളിക്കുന്നത്. മാസ്കിന്റെ വില വർധനയെ കുറിച്ച് പരാതി പറയാനും അനധികൃതമായി ക്ലാസുകൾ നടത്തുന്നവരുടെ വിവരങ്ങൾ നൽകാനും വിളി എത്തുന്നുണ്ട്.
അതിഥികളെ സ്വീകരിച്ചാൽ ബുദ്ധിമുട്ടാകുമോ
ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിളിക്കുന്നവര്‍ക്ക് അറിയേണ്ടത് അതിഥികളെ സ്വീകരിക്കാമോ എന്നാണ്. നിലവിൽ താമസിക്കുന്ന വിദേശികൾ അടക്കമുള്ളവരെ കുറിച്ച് അറിയിക്കാനും അവരെ ഒഴിപ്പിക്കേണ്ടതുണ്ടോ എന്നറിയാനും നിരവധി പേരാണ് കൺട്രോൾ റൂമിലേക്ക് വിളിക്കുന്നത്.
ദിവസേന എത്ര വിളികൾ വന്നാലും കടുപ്പിച്ചുള്ള സംസാരമോ കളിയാക്കലുകളോ വിളിക്കുന്നവർക്ക് കേൾക്കാൻ സാധിക്കില്ല. കാരണം ജാഗ്രതയോടെ ആരോഗ്യ വകുപ്പ് ജനങ്ങൾക്കൊപ്പം ചേർന്ന് കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ഓരോ കോളും പ്രധാനവും.