കാസർഗോഡ്: വിവിധ മേഖലകളില്‍  കുടുംബശ്രീയിലൂടെ വേറിട്ട പ്രവൃത്തികള്‍  നടത്തി ശ്രദ്ധേയമാവുകയാണ്  പള്ളിക്കരയിലെ വീട്ടമ്മമാര്‍. അമൃതം പൊടി- റാഗി ബിസ്‌ക്കറ്റ്, നാപ്കിന്‍, ജേഴ്സി, കശുവണ്ടി മിഠായി, തുണി സഞ്ചി, പച്ചക്കറി കൃഷി, നെല്‍കൃഷി, ബേക്കറി ഉത്പന്ന തുടങ്ങിയവയുടെ നിര്‍മ്മാണത്തിലൂടെയും  ഹരിത കര്‍മ്മ സേനയിലൂടെ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തും വേറിട്ട പ്രവര്‍ത്തനത്തിലൂടെയുമൊക്കെ   വികസനത്തിലേക്ക് അതിവേഗം കുതിക്കുകയാണ് ഇവിടുത്തെ സ്ത്രീകള്‍. ജീവിതം കരുപ്പിടിപ്പിക്കാന്‍ ഓരോ മേഖലകളും വെട്ടിപ്പിടിക്കുന്ന വനിതാ രത്നങ്ങളെ പരിചയപ്പെടാം.
2005 ഏപ്രില്‍ 12 നാണ് ആറുപേരടങ്ങിയ അക്ഷയ യൂണിറ്റ് പള്ളിക്കര പറമ്പയില്‍ ആരംഭിക്കുന്നത്. കൂലിപ്പണിയും കൃഷിപ്പണിയും ചെയ്ത് ഉപജീവനം നടത്തുന്ന ഭര്‍ത്താക്കന്‍മാരെ ആശ്രയിച്ച് വീട്ടകങ്ങളില്‍ ജീവിച്ചിരുന്നവര്‍ ആദ്യ വര്‍ഷങ്ങളില്‍ അമൃതം പൊടി നിര്‍മ്മിച്ച് ലഭിച്ച ലാഭത്തില്‍ നിന്നും 30 രൂപമാത്രം എടുത്ത് ബാക്കി തുക സ്വരൂക്കൂട്ടിയ പെണ്‍പടക്ക്  ഇന്ന് സ്വന്തമായി ആറ് സെന്റ് ഭൂമിയും കെട്ടിടവുമുണ്ട്. മക്കളെ പഠിപ്പിക്കാനും വീട് വെക്കാനും തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങള്‍ കുടുംബശ്രീ സംരംഭത്തിലൂടെ നിറവേറ്റാന്‍ കഴിഞ്ഞ സംതൃപ്തിയിലാണ് അക്ഷയ യൂണിറ്റിലെ ശ്യാമള. എഞ്ചിനീയറായി ജോലി ചെയ്യുന്നവരും സിവില്‍ സര്‍വ്വീസ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുമുണ്ട് ഇവരുടെ മക്കളുടെ കൂട്ടത്തില്‍. പെണ്‍മക്കളെ വിവാഹം ചെയ്ത് അയക്കാന്‍ കുടുംബശ്രീ സംരംഭം താങ്ങായ കഥയും ഇവര്‍ പറയുന്നു. ഇന്ന് അമൃതം പൊടി കൂടാതെ അമൃതം ബിസ്‌ക്കറ്റ്, റാഗി ബിസ്‌ക്കറ്റ്, റാഗി പൊടി തുടങ്ങിയ ഉത്പന്നങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ച യൂണിറ്റിന്റെ ഉത്പന്നങ്ങള്‍ക്കെല്ലാം മാര്‍ക്കറ്റില്‍ ആവശ്യക്കാരേറെയാണ്.  ഉദുമ, പള്ളിക്കര, കുമ്പള, ബദിയഡുക്ക പഞ്ചായത്തുകളിലേക്കുള്ള അമൃതം പൊടി വിതരണം ചെയ്യുന്നത് അക്ഷയ യൂണിറ്റാണ്.
ജീവിതം സംരക്ഷിക്കാന്‍ ‘ലൈഫ് കെയര്‍’
പൊയ്‌നാച്ചി പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ‘സൃഷ്ടി’ കുടുംബശ്രീയുടെ ലൈഫ് കെയര്‍ നാപ്കിന്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തകര്‍ക്കും വിജയകഥ തന്നെയാണ് പറയാനുള്ളത്. 2011 ല്‍ പത്ര പരസ്യം കണ്ട് കോട്ടയത്ത് സംസ്ഥാന കുടുംബശ്രീ മിഷന്‍ നല്‍കിയ പരിശീലനത്തില്‍ പങ്കെടുത്ത നാലുപേരാണ് ഇന്ന് ഇതിന്റെ നെടുംതൂണുകള്‍. മെറ്റേണല്‍ നാപ്കിനുകളുടെ നിര്‍മ്മാണത്തിലാണ് ഇവര്‍ പരിശീലനം നേടിയത്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ സഹകരണ ആശുപത്രികളിലാണ് ഇവരുടെ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റുള്ളത്. ജില്ലയില്‍ നാപ്കിന്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരേയൊരു കുടുംബശ്രീ യൂണിറ്റാണ് ‘സൃഷ്ടി’. പത്ത് നാപ്കിനുകള്‍ അടങ്ങിയ 70 പാക്കറ്റുകള്‍ വരെ ഒരു ദിവസം നിര്‍മ്മിക്കുന്നുണ്ടെന്ന് കുടുംബശ്രീ അംഗം ഉഷാരാജന്‍ പറയുന്നു.