കാസർഗോഡ്: 2012 ഏപ്രില്‍ 12ന് ആറ് അംഗങ്ങളുമായി ബേക്കലില്‍ ആരംഭിച്ച ബ്ലോസം ജേഴ്സി യൂണിറ്റ് ഇന്ന് ജില്ലയിലെ തന്നെ മികച്ച കുടുംബശ്രീ സംരംഭങ്ങളിലൊന്നാണ്. എരോല്‍പാലത്ത് നിന്ന് തൊഴില്‍ നൈപുണി പരിശീലനം നേടിയ ഇവര്‍ പിന്നീട് കുറച്ചുകാലം ഒരു പരിശീലകന്റെ സഹായം തേടി. പിന്നീട് ടീ-ഷര്‍ട്ട്, ട്രാക്ക് സ്യൂട്ട്, ജേഴ്സി തുടങ്ങിയ ഉത്പന്നങ്ങളിലേക്ക് വ്യാപിപ്പിച്ചു.
കോവിഡ് 19 സാഹചര്യത്തില്‍ സംസ്ഥാന കുടുംബശ്രീ മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി മാസ്‌ക് നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഈ പെണ്‍ പട. തുടക്കത്തില്‍ കൂടെ ഉണ്ടായിരുന്ന മൂന്ന് പേര്‍ പിരിഞ്ഞു പോയപ്പോള്‍, പിന്നീട് പുതിയ മൂന്ന് അംഗങ്ങള്‍കൂടി ബ്ലോസത്തില്‍ ചേര്‍ന്നു. അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തില്‍ വസന്തം കൊണ്ടുവന്ന സംരംഭത്തില്‍ സംതൃപ്തരാണ് ഇവിടുത്തെ ജീവനക്കാര്‍.
സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കുന്നതിനനുസരിച്ച് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജനയോട് അനുബന്ധിച്ചുള്ള ജേഴ്സി നിര്‍മ്മാണം, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ തുടങ്ങിയവ നല്‍കുന്ന ഓര്‍ഡറുകള്‍ തുടങ്ങി കൈ നിറയെ ഓര്‍ഡറുകളുമായി സസന്തോഷം മുന്നോട്ട് പോകുന്ന സംരംഭം ബേക്കല്‍ ബിലാല്‍ നഗറിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഒരു ദിവസം 50 ടീ ഷര്‍ട്ട് നിര്‍മ്മിക്കാന്‍ കഴിയുന്നുണ്ടെന്നും ജില്ലാ മിഷനില്‍ നിന്ന് ലഭിച്ച സബ്സിഡിയും ലോണും ചേര്‍ത്ത് വാങ്ങിയ മെഷീനുകളാണ് ഉപയോഗിക്കുന്നതെന്നും ഇപ്പോള്‍ ലോണ്‍ എല്ലാം അടച്ചു തീര്‍ത്തെന്നും യൂണിറ്റ് അംഗം ശ്രുതി പറയുന്നു.