കാസർഗോഡ്: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 368 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 362 പേര്‍ വീടുകളിലും ആറു പേര്‍ ആശുപത്രികളും നിരീക്ഷണത്തിലാണ്.  അഞ്ചുപേര്‍ കാഞ്ഞങ്ങാട് മാര്‍ച്ച് 17  ആകെ 24 പേരുടെ സാമ്പിള്‍ ആണ് പരിശോധനക്കയച്ചിട്ടുള്ളത്.
രോഗി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ  സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. രോഗിയുമായി അടുത്തിടപഴകിയവരെ സിസിടിവി യുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരെയും  നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും ചെയ്തു. അവരുടെ ആരോഗ്യസ്ഥിതികള്‍ പരിശോധിച്ചുവരികയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ നില തൃപ്തികരമാണ്.
വിദേശത്തു നിന്നും വരുന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ  സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണം. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജന ജാഗ്രത സമിതികള്‍ കൂടുതല്‍ ഊര്‍ജിത പെടുത്തിയിട്ടുണ്ട്. ജില്ലയില്‍  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ വി രാംദാസ് അറിയിച്ചു.
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും  വന്നവര്‍  ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ വിവരമറിയിക്കണം. നമ്പര്‍ 9946000493.  രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി  രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍  അറിയിച്ചതിനു ശേഷം മാത്രം ആശുപത്രിയെ സമീപിക്കണം. യാതൊരു കാരണവശാലും നീരീക്ഷണ കാലയളവില്‍ കുടുംബത്തില്‍ നടക്കുന്ന സ്വകാര്യ ചടങ്ങുകളിലും മറ്റു പൊതു പരിപാടികളികളിലും ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലും പങ്കെടുക്കാന്‍ പാടില്ല.