കാസർഗോഡ്: ജില്ലയില്‍ മാര്‍ച്ച് 16ന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ തിരിച്ചറിയുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഇദ്ദേഹവുമായി ഇടപഴകിയ 34 പേരെയാണ് തിരിച്ചറിഞ്ഞത്.
ദുബൈയില്‍ നിന്നും വിമാനത്തില്‍ ഏറ്റവും പിന്നിലായി ഇരുന്ന് യാത്ര ചെയ്ത ഈ വ്യക്തിയുടെ സീറ്റിനടുത്തും മറ്റുമായി 17 പേരാണുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ കര്‍ണാടക സ്വദേശികളാണ്. ഇവരുടെ വിവരങ്ങള്‍ കര്‍ണാടക അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ സ്വീകരിക്കാനെത്തിയ രണ്ടു പേരും പരിശോധനയ്‌ക്കെത്തിയ സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറടക്കം 12 പേരും നിരീക്ഷണത്തിലാണ്.
ഇതു കൂടാതെ ഇദ്ദേഹത്തിന്റെ പിതാവിനെയും മറ്റൊരു സ്വകാര്യ ആശുപത്രി കാന്റീനിലെ ജീവനക്കാരനെയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റൊരു വ്യക്തിയെയും ഐസൊലേഷന്‍ ചെയ്തിട്ടുണ്ട്. ഈ വ്യക്തി സന്ദര്‍ശിച്ച മരണവീട്ടില്‍ വീട്ടുകാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഇവര്‍ക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നമില്ലെങ്കിലും അവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.