കാസർഗോഡ്: ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റൂട്ട് മാപ്പ് പുറത്തിറക്കി. ഈ വ്യക്തി മാര്‍ച്ച് 13ന് രാത്രി ദുബായില്‍ നിന്നും പുറപ്പെട്ട് 14 ന് രാവിലെ 5.20ന് മംഗളൂരു വിമാനത്താവളത്തിലെത്തുകയായിരുന്നു.
ഇവിടെ നിന്നും സ്വകാര്യ കാറില്‍ രണ്ട് പേരുമായി ഏഴ് മണിക്ക് സ്വകാര്യ ആശുപത്രിയിലെത്തി രക്തം പരിശോധനയ്ക്കായി നല്‍കി. തുടര്‍ന്ന് എട്ടിന് മറ്റൊരു സ്വകാര്യ ആശുപത്രിയുടെ കാന്റീനിലെത്തി ചായ കുടിക്കുകയും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ നല്‍കുകയും ചെയ്തു.
ഉച്ചയ്ക്ക് ഒരു മണിക്ക് ബേവിഞ്ചയിലെ മരണവീട് സന്ദര്‍ശിച്ച് ഒന്നരയ്ക്ക് വീട്ടിലെത്തി. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.  ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സിന്റെ സഹകരണത്തോടെയാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്.