കാസർഗോഡ്: കൊറോണ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍   ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ മുഴുവന്‍ പൊതുസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയവയില്‍ പരമാവധി 50 ആളുകള്‍ മാത്രമേ ഒന്നിച്ചു കൂടാവുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയ ജില്ലാ കളക്ടര്‍  ഡോ. ഡി. സജിത് ബാബു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
നിയന്ത്രണം ലംഘിച്ച് കൂടുതല്‍ ആളുകള്‍ ഒന്നിച്ചു കൂടുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍  പ്രദേശത്തെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടറെ ചുമതലപ്പെടുത്തി. തുടര്‍ന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത് പൂട്ടി സീല്‍ വെയ്ക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എല്ലാ പൊതുസ്ഥലങ്ങളിലും ശുചിത്വം  ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ആരാധാനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റയില്‍വെ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വം ബന്ധപ്പെട്ട സ്ഥാപനമേധാവികളും ഉടമകളും ഉറപ്പു വരുത്തണം.
ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിനിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓഫീസ്  മേധാവികള്‍ ജീവനക്കാര്‍ക്കും ഓഫീസ് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്കും ശുദ്ധജലം ഉപയോഗിച്ച് കൈകഴുകുന്നതിന് ഹാന്റ് വാഷ് ലിക്വിഡും സാനിറ്ററൈസറും സജ്ജമാക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു