സഹകരണ കോണ്‍ഗ്രസ് പതാകാ ജാഥയ്ക്ക് തുടക്കമായി
കേരളത്തിന്റെ കരട് സഹകരണ നയം ചര്‍ച്ചചെയ്യപ്പെടുന്ന എട്ടാം സഹകരണ കോണ്‍ഗ്രസ് സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമായിരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നമുക്ക് ഇതേവരെ ഒരു സഹകരണ നയം രൂപപ്പെടുത്താന്‍ സാധിച്ചില്ല. ഈ കോണ്‍ഗ്രസില്‍ അത് ചര്‍ച്ച ചെയ്യും. സഹകാരികള്‍ കരട് നയം വായിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. സഹകരണ കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തത് വേണ്ട ഭേദഗതികള്‍ വരുത്തിയ ശേഷം കരടുനയം ക്യാബിനറ്റിലെത്തിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സഹകരണ കോണ്‍ഗ്രസ് പതാകാ ജാഥ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
    സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മറ്റൊരു വഴിത്തിരിവായി കേരള ബാങ്ക് മാറേണ്ടതും സഹകരണ കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ചയാവും. പുതു തലമുറ ബാങ്കുകളോടു മത്സരിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്കു സാധിക്കുന്നില്ല. യുവാക്കള്‍ക്ക് നൂതന ബാങ്കിങ് സൗകര്യങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കുകയില്ല. പ്രവാസികളുടെ നിക്ഷേപത്തിന്റെ അമ്പതു ശതമാനമെങ്കിലും കേരള ബാങ്കിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ സഹകരണ മേഖലയ്ക്ക് അത് ഗുണകരമാകും. കേരള ബാങ്കിന്റെ വരവോടെ പ്രാഥമിക സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുകയാണ് കേരള ബാങ്കിന്റെ ലക്ഷ്യം. പതിനാലു ജില്ലാ ബാങ്കുകളുടെ ജില്ലാ ഭരണ സമിതികള്‍ നഷ്ടമാകുമെന്നതു മാത്രമാണ് ഏക പരാതി. എന്നാല്‍ ജില്ലാ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ചിലരുടെ പ്രാതിനിധ്യത്തേക്കാള്‍ ലക്ഷക്കണക്കിന് സഹകാരികളുടെ നന്മയ്ക്കു വിലമതിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.
    പാലക്കാട് നെല്‍കര്‍ഷകരില്‍ നിന്ന് ഒരു പൂവില്‍ ഒന്നേമുക്കാല്‍ ലക്ഷം ടണ്‍ നെല്ല് സംഭരിക്കാന്‍ സഹകരണമേഖല തീരുമാനിച്ചിരിക്കുകയാണ്. ഇങ്ങനെ കേരളത്തിന്റെ നെല്ലറകളില്‍നിന്ന് സംഭരിക്കുന്ന നെല്ല് സ്വന്തം ബ്രാന്‍ഡിലുള്ള അരിയാക്കി മാര്‍ക്കറ്റിലെത്തിക്കാനും സഹകരണ മേഖല ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 15നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ഇനത്തില്‍ 284 കോടി രൂപ കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ സഹകരണ മേഖലയോട് ആവശ്യപ്പെട്ടത് അഭിമാനകരമാണ്. സര്‍ക്കാരിന്റെ ഗ്യാരണ്ടിയോടെയായിരിക്കും പെന്‍ഷന്‍ വിതരണമെന്നും മന്ത്രി സൂചിപ്പിച്ചു.
    സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, വി. ജോയി എംഎല്‍.എ, പതാകാ ജാഥാ ക്യാപ്റ്റനും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനുമായ എം. മെഹബൂബ് തുടങ്ങിയവര്‍ സംബന്ധിച്ചു.