ഇടുക്കി: കോവിഡ് 19 നെ  പ്രതിരോധിക്കുവാൻ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിൻ ഏറ്റെടുത്ത് പൊതുസമൂഹവും പോലീസും.  പോലീസ് സ്റ്റേഷനുകൾ, ജില്ലാ പി എസ് സി ഓഫീസ്, ബസ് സ്റ്റാന്റ്, പൊതു സ്ഥാപനങ്ങൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ തുടങ്ങി എല്ലാ മേഖലകളിലും  ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിന്റെ ഭാഗമായി കൈകഴുകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മികച്ച മാർഗ്ഗമായാണ് ഇടയ്ക്കിടെ കൈകൾ ശുചിയാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ പൊതുയിടങ്ങളിലും ഓഫീസുകളിലും കൈ കഴുകൽ ഒരു പ്രധാന പ്രക്രിയയായി മാറി കഴിഞ്ഞു.
കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ജില്ലാ പി എസ് സി ഓഫീസിൽ എത്തുന്നവർക്ക് കൈ കഴുകിയതിനു ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശനമുള്ളത്. കൈകഴുകുന്നതിനായി ലിക്വിഡ് സോപ്പും മറ്റ് സൗകര്യവും പുറത്ത് ഒരുക്കിയിട്ടുണ്ട്. കട്ടപ്പന ഡിവൈഎസ്പി ഓഫീസിലും പരിധിയിലുള്ള 11 പോലീസ് സ്റ്റേഷനുകളിലും കൈ കഴുകുന്നതിന് സൗകര്യം ഏർപ്പെടുത്തിയതായി
കട്ടപ്പന ഡി വൈ എസ്.പി എൻ സി രാജ്മോഹൻ പറഞ്ഞു.
സ്റ്റേഷനുകളിലെത്തുന്ന പരാതിക്കാർ, പൊതുജനങ്ങൾ, പുറത്തു പോയി വരുന്ന ഉദ്യോഗസ്ഥർ തുടങ്ങി സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് മുൻപ് ഏവരും  കൈകൾ വൃത്തിയാക്കുവാൻ നിർദ്ദേശവും നല്കിയിട്ടുണ്ട്. അറിഞ്ഞോ അറിയാതയോ ഉള്ള
രോഗവ്യാപനം തടയുവാൻ പഴുതടച്ച സംവിധാനം എന്ന രീതിയിലാണ് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിലൂടെ കൈ കഴുകൽ സംവിധാനം പോലീസ്
സ്റ്റേഷന്റെ മുറ്റത്ത് ക്രമീകരിച്ചിരിക്കുന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, കട്ടപ്പന നഗരസഭ, ബസ് സ്റ്റാൻറ്, ഗ്രാമ പഞ്ചായത്തുകൾ തുടങ്ങി എല്ലാ പൊതുഇടങ്ങളിലും കൈകൾ ശുചീകരിക്കാൻ അധികൃതർ സംവിധാനം ഒരുക്കി കഴിഞ്ഞു.