തൃശ്ശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ആകെ നിരീക്ഷണത്തിലുളളത് 3088 പേരാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3053 പേർ വീടുകളിലും 35 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത്. പത്ത് പേരെ ബുധനാഴ്ച (മാർച്ച് 18) പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന 13 പേരെ ഡിസ്ചാർജ്ജ് ചെയ്തു. ബുധനാഴ്ച (മാർച്ച് 18) 20 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതു വരെ 336 സാമ്പിളുകളാണ് ആകെ അയച്ചത്.

ഇതിൽ 308 എണ്ണത്തിന്റെയും ഫലം ലഭിച്ചു. ബുധനാഴ്ച (മാർച്ച് 18) ലഭിച്ച 28 എണ്ണത്തിന്റെയും ഫലം നെഗറ്റീവാണ്. തൃശൂർ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച ഏഴ് സാമ്പിളുകളും ആലപ്പുഴയിൽ പരിശോധിച്ച 21 സാമ്പിളുകളും നെഗറ്റീവാണ്.

വരുന്ന രണ്ടാഴ്ച കോവിഡിന്റെ സമൂഹവ്യാപനത്തിന് സാധ്യതയുളളതിനാൽ വളരെയധികം ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതുണ്ടെന്ന് കളക്ടർ പറഞ്ഞു. ശക്തമായ സാമൂഹ്യനിയന്ത്രണം പുലർത്തണം. ഈ സാഹചര്യത്തിൽ ജുമാമസ്ജിദുകളിലെ വെളളിയാഴ്ച നമസ്‌ക്കാരവും ക്രിസ്ത്യൻ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാർത്ഥനയും അടുത്ത രണ്ടാഴ്ചത്തേക്ക് കഴിയുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ജനങ്ങൾ ഒത്തുചേരുന്നത് ഒഴിവാക്കി ആരാധനകൾ ചടങ്ങ് മാത്രമായി നടത്താനാണ് അഭ്യർത്ഥന. ഇക്കാര്യത്തിൽ വിവിധ മത-സാമുദായിക നേതാക്കളുമായി നടത്തിയ ചർച്ചയിൽ അവർ അനുകൂലമായാണ് പ്രതികരിച്ചതെന്ന് കളക്ടർ പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ പാലിയേക്കര ടോൾപ്ലാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെയ്ക്കുന്നതിന് വേണ്ടി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി.

കേന്ദ്ര സർക്കാർ സാനിറ്റൈസർ, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യസാധന പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയതായി കളക്ടർ അറിയിച്ചു. ജില്ലയിൽ പരമാവധി സാനിറ്റൈസർ ഉൽപാദിപ്പിച്ച് വിതരണം നടത്താനാണ് ശ്രമം. ഇത് ഉൽപാദിപ്പിക്കുന്നതിന് ലൈസൻസുളള സ്ഥാപനങ്ങളിൽ നിന്ന് വില നിശ്ചയിച്ച് വിതരണക്കാർ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ഇതോടെ കുറഞ്ഞ വിലയിൽ സാനിറ്റൈസർ ലഭ്യമാവും. തുണി കൊണ്ട് മാസ്‌ക് നിർമ്മിക്കുന്നതിനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ധാരാളം തുണികൾ സംഭാവനയായി ലഭിക്കുന്നുണ്ട്.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 1465 വാർഡുകളിലും വാർഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തുകളിലെ നടക്കാനിരിക്കുന്ന പൊതുയോഗം, ആഘോഷം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ജില്ലാ കൺട്രോൾ സെല്ലിലേക്ക് ബുധനാഴ്ച 553 പേർ വിളിച്ചു. 984 പേർക്ക് കൗൺസിലർമാർ വഴി കൗൺസിലിങ് നടത്തി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് സ്‌ക്രീനിംഗ് ക്യാമ്പുകളും ഹെൽപ്പ് ഡസ്‌ക്കുകളും ആരംഭിച്ചു. ചാലക്കുടി, ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ ആശുപത്രികളിലും ചാലക്കുടി, ഗുരുവായൂർ, ഇരിങ്ങാലക്കുട, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലും ഗുരുവായൂർ കെഎസ്ആർടിസി സ്റ്റാൻഡ്, കിഴക്കേ നട എന്നിവിടങ്ങളിലുമാണ് ഹെൽപ്പ് ഡസ്‌ക്കുകൾ ആരംഭിച്ചിരിക്കുന്നത്.

റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. ജില്ലയിലെ ജയിലുകളിലും പരിശോധന നടത്തി. വിവിധ സ്‌ക്രീനിംഗ് ക്യാമ്പുകളിലായി 86 ആരോഗ്യപ്രവർത്തകരെ വിന്യസിച്ചു. 4760 പേർ ക്യാമ്പുകളിൽ രജിസ്ട്രർ ചെയ്തു. 75 ഫോൺ കോളുകൾ സ്വീകരിച്ചു. വീടുകളിൽ 176 പേരെയും ആശുപത്രികളിൽ 4 പേരെയും നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി സ്‌ക്രീനിംഗ് ക്യാമ്പുകൾ വഴി നിർദ്ദേശിച്ചു.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആംബുലൻസ് ഉൾപ്പെടെയുളള സൗകര്യങ്ങളോടെ തൃശൂർ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘം പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആരോഗ്യ വളണ്ടിയർമാർ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, ജനമൈത്രി പോലീസ് എന്നിവരടങ്ങുന്ന സംഘം സഹായമെത്തിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പോലീസിന്റെ സഹായത്തോടെ തുടർനടപടി സ്വീകരിക്കും.

ഉത്തരേന്ത്യൻ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം പനി ബാധിച്ച് കാർഷിക സർവകലാശാലയിൽ മടങ്ങിയെത്തിയ വിദ്യാർത്ഥി അജിത്തിനെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ചതിനെ തുടർന്ന് കൊല്ലത്ത് ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശം മറികടന്ന് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ സന്ദേശത്തെ തുടർന്ന് കൊല്ലം ജില്ലാ കളക്ടർ ട്രെയിനിൽ നിന്ന് ഇറക്കുകയായിരുന്നു. വാർത്തസമ്മേളനത്തിൽ ഡിഎംഒ (ആരോഗ്യം) ഡോ. കെ ജെ റീന, ഡിഎംഒ (ഐഎസ്എം) ഡോ. പി ആർ സലജകുമാരി എന്നിവരും പങ്കെടുത്തു.