ജില്ലയിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനായി പ്രത്യേക ഹെല്‍പ് ഡെസ്‌ക് കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് ജില്ലയില്‍ ചിലയിടങ്ങളിലുണ്ടായ ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ലക്ഷ്യത്തോടെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച അതിഥി ദേവോ ഭവ കാംപയിന്റെ ഭാഗമായാണിത്.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം താമസസ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദേശികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഹെല്‍പ് ഡെസ്‌കില്‍ നിന്ന് ലഭ്യമാകും. ആവശ്യമെങ്കില്‍ താമസസൗകര്യം, വാഹന സൗകര്യം തുടങ്ങിയവയും വിനോദസഞ്ചാര വകുപ്പ് ഒരുക്കും. ഐസൊലേഷന്‍ കാലയളവിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്നവര്‍ക്ക് ആവശ്യമായ യാത്ര സംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും ഇവിടെ നിന്ന് ലഭ്യമാകും. കണ്ണൂര്‍ കാള്‍ടെക്സിലുള്ള ഡിടിപിസി കെട്ടിടത്തിലാണ് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചത്. സേവനങ്ങള്‍ക്കായി 04972 706336 (ഡിടിപിസി ഓഫീസ്), 9645454500 (ഡിടിപിസി സെക്രട്ടറി), 8075649379 (ഡെപ്യൂട്ടി ഡയറക്ടര്‍, ടൂറിസം) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
കാംപയിന്റെ ഭാഗമായി ഡിടിപിസി തയ്യാറാക്കിയ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ നമ്മുടെ അതിഥികളാണെന്നും അവരെ ആതിഥ്യമര്യാദകളോടെ വേണം സ്വീകരിക്കാനെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ അവരെ സംശയത്തോടെ നോക്കിക്കാണുന്നത് ശരിയല്ല. വിദേശരാജ്യത്തു നിന്ന് വരുന്നവരെന്ന നിലയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പും പോലിസും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
കൊറോണ ബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമാവുന്നവര്‍ക്ക് പുറത്തിറങ്ങുന്നതിന് തടസ്സമില്ല. മുന്‍വിധികളോടെ വിദേശികളോട് പെരുമാറുന്നത് നമ്മുടെ ആതിഥ്യമര്യാദകള്‍ക്ക് ചേര്‍ന്നതല്ലെന്നും അത് ടൂറിസം മേഖലയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കൊറോണ: കൊടുങ്ങല്ലൂര്‍ ഭരണി ഉല്‍സവത്തിന് ജില്ലയില്‍ നിന്ന് ആളുകള്‍ പോവരുത്
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തില്‍ നടക്കുന്ന ഭരണി ഉല്‍സവത്തിന് ജില്ലയില്‍ നിന്ന് ആളുകള്‍ പോകുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധന നടപടിയുടെ ഭാഗമായാണ് നിയന്ത്രണം. തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉല്‍സവം ആള്‍ക്കൂട്ടമില്ലാതെ ചടങ്ങ് മാത്രമായി നടത്താന്‍ ക്ഷേത്രം ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു ജില്ലകളില്‍ നിന്ന് വെളിച്ചപ്പാടിന്റെയും കോമരം/മൂപ്പന്‍മാര്‍ എന്നിവരുടെയും അകമ്പടിയോടെ ഭക്തജനങ്ങള്‍ കൂട്ടമായി ഉല്‍സവത്തിനെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഇക്കാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഉല്‍സവത്തിന് പോകുന്നതിനായി വാഹനങ്ങള്‍ ബുക്ക് ചെയ്തവര്‍, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അത് റദ്ദ് ചെയ്ത് യാത്ര ഒഴിവാക്കണമെന്നും ജില്ലാകലക്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ബ്രേക്ക് ദി ചെയിന്‍ കാംപയിന്‍: സ്വകാര്യ സ്ഥാപനങ്ങളും പങ്കാളികളാവണമെന്ന് ജില്ലാ കലക്ടര്‍
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്താകെ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ കാംപയിന്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു പുറമെ, സ്വകാര്യസ്ഥാപനങ്ങളും നടപ്പിലാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.
സ്വകാര്യ ആശുപത്രികള്‍, മറ്റ് ആരോഗ്യസ്ഥാപനങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, സേവനകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഹാന്‍ഡ് സാനിറ്റൈസറോ, ഹാന്‍ഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സംവിധാനമോ ബന്ധപ്പെട്ടവര്‍ ഒരുക്കണം. കൊറോണയുടെ സാമൂഹിക വ്യാപനം തടയുകയാണ് നമുക്ക് മുമ്പില്‍ ഇപ്പോഴുള്ള പ്രധാന വെല്ലുവിളിയെന്നും ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലയിലെ വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, ഗവ. ആശുപത്രികള്‍, പോലിസ് സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഇതിനകം ബ്രേക്ക് ദി ചെയിന്‍ കാംപയിനിന്റെ ഭാഗമായി ശുചീകരണ സംവിധാനങ്ങള്‍ ഒരുക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.