കോവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെയുണ്ടായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

വരുന്ന രണ്ടുമാസം കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. പ്രളയാനന്തരകാലത്തും ഇത്തരത്തിൽ കുടുംബങ്ങൾക്ക് കുടുംബശ്രീ മുഖേന വായ്പ ലഭ്യമാക്കിയിരുന്നു.ഏപ്രിൽ-മേയ് മാസങ്ങളിൽ ഓരോ മാസവും 1000 കോടി രൂപ വീതം ആകെ 2000 കോടിയുടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും.

സാമൂഹ്യ സുരക്ഷാ പെൻഷൻ എപ്രിലിൽ നൽകേണ്ടത് ഈ മാസം തന്നെ നൽകും. രണ്ടുമാസത്തെ പെൻഷൻ തുകയാകും നൽകുക. ഇതിനായി 1370 കോടി രൂപ ചെലവഴിക്കും.

ബി.പി.എൽ/അന്ത്യോദയ കുടുംബങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാത്ത കുടുംബങ്ങൾക്ക് 1000 രൂപ വീതം നൽകും. അത്തരം കുടുംബങ്ങൾക്ക് ഉപജീവനസഹായമായി 100 കോടി വിനിയോഗിക്കും.

എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നൽകും. ബി.പി.എൽ/അന്ത്യോദയ വിഭാഗത്തിന് പുറമേയുള്ളവർക്ക് 10 കിലോ എന്ന നിലയിലാകും ഈ ഘട്ടത്തിൽ നൽകുക. ഇതിനായി 100 കോടി നൽകും.

ഏപ്രിലോടെ 20 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ കേരളത്തിലുടനീളം ആരംഭിക്കും. നേരത്തെ, 25 രൂപയ്ക്ക് ഊണ് നൽകുന്ന ഭക്ഷണശാലകൾ സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനായി 50 കോടി ചെലവിടും.

ആരോഗ്യ പാക്കേജ് നടപ്പാക്കാൻ 500 കോടി രൂപ വകയിരുത്തും.

വിവിധ മേഖലയിൽ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകാനുള്ള എല്ലാ കുടിശ്ശികയും ഏപ്രിലിൽ കൊടുത്തുതീർക്കും. ഇതിനായി 14,000 കോടി രൂപ ചെലവാക്കും.

ഇത്തരത്തിൽ ആകെ ചെലവാക്കുന്ന 20,000 കോടി രൂപ നാടിന്റെ സമ്പദ്ഘടനയിൽ വ്യാപിച്ച് ഊർജം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിനുപുറമേ അടിയന്തിരനടപടികളായി ഓട്ടോ, ടാക്സി തുടങ്ങിയവയുടെ ഫിറ്റ്നെസ് ചാർജിൽ ഇളവ് നൽകും

. ബസുകളിൽ സ്റ്റേജ് കാരിയറുകൾക്കും കോൺട്രാക്ട് കാരിയറുകൾക്കും അടുത്ത മൂന്നുമാസം നൽകേണ്ട ടാക്സിൽ ഒരു ഭാഗം ഇളവ് നൽകും. സ്റ്റേജ് കാരിയറുകൾക്ക് മൂന്നുമാസത്തിൽ ഒരുമാസത്തെ ഇളവും കോൺട്രാക്ട് കാരിയറുകൾക്ക് തുല്യമായ നിലയിൽ ഇളവുമാണ് നൽകുക. മൊത്തത്തിൽ 23 കോടി 60 ലക്ഷം രൂപയുടെ ഇളവാണ് ഇവർക്ക് ലഭ്യമാകുക.

വൈദ്യുതി, വാട്ടർ ബില്ലുകൾ പിഴ കൂടാതെ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം നൽകും.

സിനിമാ തീയറ്ററുകൾക്ക് വിനോദ നികുതിയിൽ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.