ആശുപത്രികളിലെ കോവിഡ്-19 സംശയിക്കുന്ന രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പിഴവുകളില്ലാതെ കൊറോണ നിരീക്ഷണത്തിലുള്ള രോഗികളുടെ ചികില്‍സ ഉറപ്പുവരുത്തേണ്ടത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയാണ്. ജില്ലയ്ക്ക് പുറത്ത് നിന്നും ചികിത്സക്കായി എത്തുന്ന രോഗികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ച് ആംബുലന്‍സിലാണ് എത്തുന്നതെന്ന് ഉറപ്പാക്കണം. ആശുപത്രികളില്‍ ഇനിമുതല്‍ സന്ദര്‍ശകരെ അനുവദിക്കാന്‍ പാടില്ല. ഒരു രോഗിയോടെപ്പം ഒന്നില്‍ കൂടുതല്‍ ആളുകളെ നിയോഗിക്കാനും പാടില്ല. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തുന്നവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.1. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്ക് ചികിത്സ ആവശ്യമായി വരുമ്പോള്‍ ബന്ധപ്പെട്ട തദ്ദേശസ്വയഭരണ സ്ഥാപനത്തിലെ വാര്‍ഡ് ആര്‍.ആര്‍.ടി യെ (മെഡിക്കല്‍ ഓഫീസറെ) അറിയിക്കണം.
2. മെഡിക്കല്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ച് രോഗിയെ ബീച്ച് ആശുപത്രി/മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിക്കണം.
3. രോഗിയുമായി വരുന്ന ആംബുലന്‍സ് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഹെല്‍പ്പ് ഡസ്‌കില്‍ തന്നെ രോഗിയുമായി എത്തണം.
4. ഹെല്‍പ്പ് ഡസ്‌കില്‍ നിന്നും ഇതിനായി നിയോഗിക്കപ്പെട്ട വളണ്ടിയര്‍ രോഗിയെ രോഗാവസ്ഥയനുസരിച്ച് ത്രിതല ട്രയാജ് സിസ്റ്റം വഴി പരിശോധനക്ക് വിധേയമാക്കണം
5. ഹെല്‍പ്പ് ഡസ്‌കില്‍ രജിസ്റ്റര്‍ ചെയ്തശേഷം ട്രയാജ് ടു വിലേ്ക്ക് പേഷ്യന്റ് കോ ഓര്‍ഡിനേറ്ററോടൊപ്പം പരിശോധനയ്ക്ക് അയക്കണം. ഹെല്‍പ് ഡെസ്‌കിലെത്തുന്ന കോവിഡ്-19 സംശയിക്കുന്ന ഒരോ രോഗിയും പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സയ്ക്ക് വിധേയനാകുന്നുവെന്ന് പേഷ്യന്റ് കോ-ഓര്‍ഡിനേറ്റര്‍ ഉറപ്പുവരുത്തണം. ഇത്തരം രോഗികള്‍ ഒരു കാരണവശാലും പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാനോ, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനോ പാടില്ല.
6. രോഗലക്ഷണങ്ങളുള്ളതും എന്നാല്‍ തുടര്‍ചികില്‍സയും ആശുപത്രിയില്‍ അഡ്മിഷനും ആവശ്യമില്ലാത്തതാണെന്നു പരിശോധനയില്‍ വ്യക്തമാവുന്ന, നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട രോഗികള്‍ ആംബുലന്‍സില്‍ തന്നെയാണ് തിരിച്ച് വീട്ടിലേക്ക് പോവുന്നതെന്ന് നിയോഗിക്കപ്പെട്ട പേഷ്യന്റ് കോ ഓര്‍ഡിനേറ്റര്‍ ഉറപ്പുവരുത്തണം.
7. ട്രയാജ് ടു വില്‍ എത്തുന്ന രോഗിയുടെ പരിശോധന പൂര്‍ത്തിയാകും വരെ രോഗിയെ കൊണ്ടുവന്ന ആംബുലന്‍സ് ആവശ്യമെങ്കില്‍ രോഗിയെ തിരിച്ച് വീട്ടില്‍ എത്തിക്കുന്നതിനായി ആശുപത്രിയില്‍ തന്നെ ഉണ്ടാവണം.
8. രോഗലക്ഷണങ്ങളുള്ളതും തുടര്‍ ചികില്‍സ ആവശ്യമുള്ളതുമായ കേസുകളില്‍ (ട്രയാജ് 3) രോഗി ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്ന് നിയോഗിക്കപ്പെട്ട പേഷ്യന്റ് കോ-ഓര്‍ഡിനേറ്റര്‍ ഉറപ്പുവരുത്തണം. ഐസലോഷന്‍ വാര്‍ഡില്‍ പ്രവേശിക്കപ്പെടുന്ന രോഗികള്‍ ഒരു കാരണവശാലും പുറത്തുപോവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ ജീവനക്കാരെ നിയോഗിക്കണം.
9. ഹെല്‍പ്പ് ഡസ്‌കകളില്‍ ഒരോ രോഗിക്കും കൃത്യമായ സഹായം ലഭ്യമാക്കാന്‍ ആവശ്യമായ അത്രയും വളണ്ടിയര്‍മാരെ/ജീവനക്കാരെ നിയോഗിക്കണം.
10. ആശുപത്രികളിലെ ഹെല്‍പ്പ് ഡെസ്‌കില്‍ 24 മണിക്കൂറും നിര്‍ബന്ധമായും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയില്‍ ഉണ്ടെന്ന് ജില്ലാ പോലീസ് മേധാവികള്‍ ഉറപ്പുവരുത്തണം.
11. കൊറോണ കേസുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ആശുപത്രികളിലെയും ജീവനക്കാര്‍ക്ക് കൃത്യവും വ്യക്തവുമായ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുവരുത്തണം.