* ബ്രേക്ക് ദ ചെയ്ൻ കാമ്പയിൻ ഏറ്റെടുത്ത് അഞ്ച് ലക്ഷം തൊഴിലാളികൾ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സ്ഥലങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന മിഷൻ നടപടികൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ബ്രേക്ക് ദ ചെയ്ൻ കാമ്പയിൻ അഞ്ച് ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുക്കും.

പ്രവൃത്തി സ്ഥലങ്ങളിൽ പാലിക്കേണ്ട ശുചിത്വ മാർഗനിർദ്ദേശങ്ങൾ തൊഴിലുറപ്പ് മിഷൻ നൽകി. പ്രവൃത്തി തുടങ്ങുന്നതിന് മുൻപും ശേഷവും ഇടവേളകളിലും കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ഇതിനായി സോപ്പും കൈ കഴുകാനുളള വെളളവും എല്ലാ പ്രവൃത്തി സ്ഥലങ്ങളിലും ലഭ്യമാക്കണമെന്ന് മിഷൻ നിർദ്ദേശിച്ചു.

തൊഴിലാളികൾ വീട്ടിൽ തിരികെ എത്തിയാലുടൻ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. ഏത് തരം പ്രവൃത്തിയാണെങ്കിലും തൊഴിലാളികൾ കൈയ്യുറകൾ നിർബന്ധമായും ധരിക്കണം. വിയർപ്പ് തുടയ്ക്കുന്നതിന് വൃത്തിയുളള തോർത്ത് കരുതണം. കൂടാതെ, തൊഴിൽ സ്ഥലത്ത് തൊഴിലാളികൾ കൂട്ടം കൂടാതെ അകലം പാലിക്കണം, പണിയായുധങ്ങൾ കൈമാറ്റം ചെയ്യരുതെന്നും നിർദ്ദേശം നൽകി.

പനി, ചുമ, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകൾ ഉള്ളവർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് വിധേയമാകണം, വൈറസ് ബാധയുളള വ്യക്തിയുമായി ഇടപഴകേണ്ടി വന്ന തൊഴിലാളികൾ പ്രവൃത്തിയെടുക്കുന്നതിൽ നിന്നും മാറി നിൽക്കണം. ഇതുകൂടാതെ, പ്രാദേശിക സാഹചര്യമനുസരിച്ച് ജില്ലാ കളക്ടർ നൽകുന്ന നിർദ്ദേശങ്ങളും പാലിക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി എൻജിനിയർമാർക്കും ഓവർസിയർമാർക്കും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്കും ചുമതല നൽകി.

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പരിശോധന, സ്‌ക്രീനിങ് ക്യാമ്പുകൾ, അവബോധ ക്ലാസ്സുകൾ സംഘടിപ്പിക്കാൻ ബി.ഡി.ഒ മാരെ ചുമതലപ്പെടുത്തി. ബ്രേക്ക് ദ ചെയ്ൻ കാമ്പയിന്റെ വിവര വ്യാപന പോസ്റ്ററുകൾ പ്രവൃത്തിയിടങ്ങളിൽ പതിച്ച് ബഹുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിർദ്ദേശിച്ചു.

തൊഴിലാളികൾക്കിടയിൽ ബ്രേക്ക് ദ ചെയ്ൻ കാമ്പയിനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ഡോ. ദിവ്യ.എസ്.അയ്യർ തിരുവനന്തപുരം ജില്ലയിലെ കളളിക്കാട് ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി സ്ഥലം സന്ദർശിക്കുകയും തൊഴിലിടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പ്രതിരോധ നടപടികളും സംബന്ധിച്ച് തൊഴിലാളികൾക്ക് ആവശ്യമായ ബോധവത്ക്കരണം നടത്തുകയും ചെയ്തു.