ഇടുക്കിയില്‍ അടുത്തിടെ ഉണ്ടായ ഭൂചലനങ്ങളെക്കുറിച്ച് പഠിക്കാന്‍ നാഷണല്‍ സീസ്‌മോളജി സെന്ററില്‍ നിന്നുള്ള വിദഗ്ധസംഘം  ജില്ലയിലെത്തി. സാങ്കേതിക വിദഗ്ധരായ കുല്‍വീര്‍ സിംഗ്, എം.എല്‍ ജോര്‍ജ്ജ് എന്നിവരും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്റ് റിസ്‌ക് അനലിസ്റ്റ് വിദഗ്ധന്‍ ജി.എസ് പ്രദീപും  ഉള്‍പ്പെടുന്നതാണ് സംഘം .

സംഘം ഇന്നലെ ജില്ലാകലക്ടര്‍ എച്ച്. ദിനേശനുമായി ചര്‍ച്ച നടത്തി. ആദ്യഘട്ടത്തില്‍ ജില്ലയില്‍ എന്തുകൊണ്ട് ഇത്തരം ചലനങ്ങള്‍ ഉണ്ടാകുന്നുവെന്ന് വിലയിരുത്തും. ഇതിന്റെ ഭാഗമായി ഇടുക്കി ഡാം, ആലടി, ചോറ്റുപാറ എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ സീസ്‌മോഗ്രാഫ് സ്ഥാപിക്കും. മൂന്നുമാസമെങ്കിലും ഉപകരണങ്ങള്‍ ഇവിടങ്ങളില്‍ നിലനിര്‍ത്തും. പിന്നീട് ഡല്‍ഹിയിലെ ആസ്ഥാനത്ത് ഇതില്‍ നിന്നുള്ള റിപ്പോര്‍ട്ട് നിരീക്ഷിക്കും.

ഇടുക്കി പൊതുവെ ഭ്രംശമേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണെങ്കിലും ഇപ്പോഴുണ്ടായ ചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ 2.5 പോയിന്റില്‍ താഴെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ആദ്യഘട്ട നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനം വേണമോ എന്ന് തീരുമാനിക്കും. കൊടൈക്കനാല്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനി സ്റ്റേഷനുകളിലാണ് ചലനങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇടുക്കിയില്‍ വളരെ കുറഞ്ഞ തീവ്രതയിലുള്ള ചലനങ്ങള്‍ ആയതിനാല്‍ ഒരുതരത്തിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സംഘം വിലയിരുത്തുന്നു.