ഇടുക്കി: കൊവിഡ് 19 രോഗം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും  അടച്ചിട്ടിരിക്കുകയാണ്. ഈ അവധിക്കാലത്ത്  സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കി പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് മാതൃകയാകുകയാണ് ഒരു കൂട്ടം അദ്ധ്യാപകര്‍.

ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കുകയാണ് മുട്ടം യൂണിവേഴ്സിറ്റി എഞ്ചിനിയറിംഗ് കോളേജിലെ അദ്ധ്യാപകരും ലാബ് ജീവനക്കാരും.  കോളേജിലെ ലാബ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് അധ്യാപകരും  ജീവനക്കാരും സാനിറ്റൈസര്‍ നിര്‍മിക്കുന്നത്.

ലോക ആരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ഫോര്‍മുല പ്രകാരമാണ് ഇവര്‍  സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. നിശ്ചിത അനുപാതത്തില്‍ ഐസോപ്രൊപ്പലൈന്‍ ആല്‍ക്കഹോള്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, ഗ്ളിസറോള്‍ എന്നിവയും വെള്ളവും ചേര്‍ത്താണ് സാനിറ്റൈസര്‍ തയ്യാറാക്കുന്നത്.

കോളേജില്‍ നിര്‍മിച്ച സാനിറ്റൈസര്‍ ഇടുക്കി ജില്ലാ കോടതിയിലും, തൊടുപുഴ പോലീസ് സ്റ്റേഷനിലും വിതരണം ചെയ്തു. ജില്ലാ ജഡ്ജ് മുഹമ്മദ് വസീം, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോരിറ്റി ചെയര്‍മാന്‍ ദിനേശ് എം. പിള്ള എന്നിവര്‍ ജില്ലാ കോടതിയിലും, ഡിവൈഎസ്പി കെ.പി ജോസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവ് ചെറിയാന്‍ എന്നിവര്‍ പോലീസ് സ്റ്റേഷനിലും സാനിറ്റൈസര്‍ ഏറ്റുവാങ്ങി.

100 മില്ലി ലിറ്ററിന്റെ 150 ഓളം സാനിറ്റൈസറുകളാണ് കോളേജില്‍ നിര്‍മിച്ച് വിതരണം ചെയ്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സാനിറ്റൈസര്‍ നിര്‍മിച്ച് തൊടുപുഴ ബസ്സ്റ്റാന്‍ഡുകളില്‍ വിതരണം ചെയ്യുന്നതിനൊപ്പം ബോധതവത്കരണ ക്യാംപെയ്നുകള്‍ സംഘടിപ്പിക്കാനും സ്റ്റാഫ് ക്ലബ് തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ കോളേജ് അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ക്ലാസുകളും അദ്ധ്യാപകര്‍ നടത്തുന്നുണ്ട്.  കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജോസ് സെബാസ്റ്റ്യന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മനോജ് എം.ജെ, രജീഷ് ബാബു, തിരുമനസ്സ് കെ.ആര്‍, രാജു കെ.റാം എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം അദ്ധ്യാപകരാണ്  സാനിറ്റൈസര്‍ നിര്‍മാണത്തില്‍ പങ്കാളികളായത്.