പ്രാര്‍ഥനാ ചടങ്ങുകളില്‍ അഞ്ചു പേര്‍ മാത്രം
കണ്ണൂർ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന വിവാഹങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ പോലിസും തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കണം. ഗൃഹപ്രവേശനം  ഉൾപ്പെടെെയുള്ള ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്.
വൈറസിന്റെ സാമൂഹിക വ്യാപനത്തിനുള്ള സാധ്യത വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കാസര്‍ക്കോട്, മാഹി, മലപ്പുറം, കൂര്‍ഗ് എന്നിവിടങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഒട്ടേറെ പേര്‍ ജില്ലയിലുണ്ട്.
ഇവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാതെ തരമില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
അക്ഷയ കേന്ദ്രങ്ങളില്‍ ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കിടയില്‍ നിരീക്ഷണം ശക്തമാക്കണം. അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ജാഗ്രത വേണം.
ജില്ലയിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, സേവന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയ ഇടങ്ങളിലും ബ്രേക്ക് ദി ചെയിന്‍ കാംപയിന്റെ ഭാഗമായി സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനമോ ഹാന്‍ഡ് സാനിറ്റൈസറോ ഒരുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
അതിഥി തൊഴിലാളികള്‍, പട്ടികജാതി-പട്ടിക വര്‍ഗ കോളനി നിവാസികള്‍ തുടങ്ങിയവര്‍ക്കിടയില്‍ കൊറോണ ബോധവല്‍ക്കരണവും പ്രതിരോധ നടപടികളും ശക്തിപ്പെടുത്തണം. വിദ്യാലയങ്ങള്‍ അടയ്ക്കുകയും പരീക്ഷകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിനോദയാത്രകള്‍ പോകുന്നത് ഒഴിവാക്കണം.
ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എസ്പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, എഡിഎം ഇ പി മേഴ്സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.