- കാക്കനാട് : ജില്ലയിൽ കോവിഡ് 19 സംബന്ധമായ നിരീക്ഷണം കൂടുതൽ കർശനമാക്കുമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുൻപ് കോവിഡ് സ്ഥിരീകരിച്ച വിദേശ പൗരന് ഒപ്പമുണ്ടായിരുന്ന അഞ്ചു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവർ ക്വാറന്റീനിൽ ആയിരുന്നതിനാൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് 19 പരിശോധനയുടെ ഭാഗമായി വാർഡ് തല സ്ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. സർക്കാർ ആശുപത്രികളിലെ ഐസൊലേഷൻ സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളിലും ക്രമീകരിക്കാൻ സ്വകാര്യ ആശുപത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനമായതായും മന്ത്രി അറിയിച്ചു.
കോവിഡ് 19 സംബന്ധിച്ച ഗൈഡ്ലൈൻ പരിഷ്കരിച്ചതിനെ തുടർന്ന് എല്ലാ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെയും കർശന നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചതായി മന്ത്രി അറിയിച്ചു. അതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ളവരുടെ വിവരങ്ങൾ സർവൈലൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്.
നിരീക്ഷണത്തിൽ ഉള്ള വിദേശ പൗരന്റെ ആരോഗ്യം പൂർണ തൃപ്തികരമല്ല. പുതുതായി രോഗം സ്ഥിരീകരിച്ചവരും 60 വയസിനു മുകളിൽ പ്രായമുള്ളവരാണ്.
