കാക്കനാട്: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂർണമായും സഹകരിക്കാൻ തയാറാണെന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികൾ. മന്ത്രി വി.എസ്.സുനിൽ കുമാറുമായി നടത്തിയ ചർച്ചയിലാണ് സ്വകാര്യ ആശുപത്രി പ്രതിനിധികൾ പിന്തുണ പ്രഖ്യാപിച്ചത്. 25 ലധികം ആശുപത്രി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 6 ഐസോലേഷൻ വാർഡുകൾ
94 ഐ.സി യു ബെഡുകൾ
197 ഐസോലേഷൻ ബെഡുകൾ
35 വെൻറിലേറ്ററുകൾ
120 വാർഡ് ബെഡുകൾ എന്നിവ സജ്ജമാക്കുന്നതിനുള്ള സന്നദ്ധത സ്വകാര്യ ആശുപത്രികൾ അറിയിച്ചു.

വരും ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സാഹചര്യമുണ്ടായാൽ സ്വകാര്യ ആശുപത്രികളും സജ്ജമാകണമെന്ന് മന്ത്രി പറഞ്ഞു. മുഴുവൻ ആശുപത്രികളിലും പകർച്ചാവ്യാധി നിയന്ത്രണ സഹായ കേന്ദ്രങ്ങൾ ഒരുക്കണം. ആശുപത്രിയിലെത്തുന്ന രോഗികളെയും കൂടെയുള്ളവരെയും സ്ക്രീനിംഗ് നടത്തി വേണം അകത്തേക്കു പ്രവേശിപ്പിക്കാൻ.. സന്ദർശകരെ കർശനമായി നിയന്ത്രിക്കണം. ആവശ്യത്തിനു മാത്രം ആശുപത്രിയിൽ എത്തിയാൽ മതിയെന്ന കാര്യം ജനങ്ങളെ ഓർമപ്പെടുത്തണം. ജീവനക്കാർ വ്യക്തി ശുചിത്വം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു. എക്സ് റേ റൂം ഉൾപ്പടെയുള്ള മുറികളിൽ കൃത്യമായ നിബന്ധനകൾ പാലിക്കണം. മുഴുവൻ ഡോക്ടർമാരെയും നഴ്സുമാരെയും കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജമായിരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ഓരോ ദിവസവും ഉണ്ടാകുന്ന വിവരങ്ങൾ കൺട്രോൾ റൂമിൽ അറിയിക്കുകയും വേണം. ഏത് സാഹചര്യവും നേരിടാൻ സന്നദ്ധമായിരിക്കണമെന്നും അതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും മന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസ് , ജില്ലാ മെഡിക്കൽ ഓഫീസർ എം.എ.കുട്ടപ്പൻ, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. പി. എസ്.രാഗേഷ് ,ജില്ലാ ടി ബി. ഒഫീസറും പ്രൈവറ്റ് ഹോസ്പിറ്റൽ സർവൈലൻസ് നോഡൽ ഓഫീസറുമായ ശരത് ജി. റാവു എന്നിവർ യോഗത്തിൽ പങ്കെടുത്തു.